തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യവിദഗ്ധനും കോൺഗ്രസ് നേതാവുമായ ഡോ.എസ്.എസ്.ലാൽ. കൂടെയുണ്ടായിരുന്ന ഒരു മനുഷ്യനെ 51 വെട്ട് വെട്ടിയതിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തവർ എത്ര വലിയ കപ്പിൽ സ്നേഹം എഴുതിവച്ച് ചായ കുടിച്ചിട്ടും കാര്യമില്ലെന്നും സ്നേഹം വിളമ്പേണ്ടത് വയസുകാലത്ത് ചെറിയ ചായക്കപ്പിലല്ല, ചെറുപ്പകാലം മുതൽ മനസിലാണെന്നും എസ്.എസ്.ലാൽ ഫേസ്ബുക്കിൽ കുറിച്ചു.
`ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്' എന്നെഴുതിയ കപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതക്ക് ഐക്യദാർഢ്യവുമായി എൽ.ഡി.എഫ് സത്യാഗ്രഹ വേദിയിലെത്തിയ മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചായിരുന്നു ടി.പി ചന്ദ്രശേഖരൻ വധം ഓർമിപ്പിച്ചുള്ള കുറിപ്പ്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനു പിന്നാലെ അതിജീവിത പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലെ പ്രയോഗമാണ് മുഖ്യമന്ത്രിയുടെ ചായക്കപ്പിൽ എഴുതിയിരുന്നത്. അതിജീവിതയെ ചേർത്തുപിടിച്ച മുഖ്യമന്ത്രിയുടെ നടപടിയെ പ്രകീർത്തിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ നിറയുമ്പോളാണ് എസ്.എസ്.ലാലിന്റെ വിമർശം.
"പഠനകാലത്ത് കാലത്ത് എന്നെ ആക്രമിച്ചിട്ടുള്ള ഒരു എസ്.എഫ്.ഐ നേതാവിനെ കുറച്ച് വർഷങ്ങൾക്ക് ശേഷം ദേഹം മുഴുവനും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നപ്പോൾ എനിക്കവിടെ ഡ്യൂട്ടിയായിരുന്നു. എന്നിൽ നിന്നും പ്രതികാരം ഭയന്ന അയാളെ ഞാൻ സമാധാനിപ്പിച്ചപ്പോൾ അയാൾ ശാന്തനായി കിടന്നു. അയാളെ ആശ്വസിപ്പിച്ച് ഓരോ മുറിവും ക്ഷമയോടെ ഞാൻ തുന്നലിട്ടു. പിന്നീട് എന്നെ വളരെയധികം സ്നേഹിച്ച ഒരാളായി അയാൾ മാറി. രാഷ്ട്രീയത്തിൽ അഹിംസയും ചികിത്സയിൽ സാന്ത്വനവുമാണ് ചെറുപ്പത്തിലേ എന്നെ പഠിപ്പിച്ചത്.
അതാണ് പരിശീലിച്ചത്. അതുകൊണ്ട് തന്നെ പ്രായമായപ്പോൾ ചായക്കപ്പ് വച്ച് ഫോട്ടോ എടുക്കേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല. കൂടെയുണ്ടായിരുന്ന ഒരു മനുഷ്യനെ 51 വെട്ട് വെട്ടിയതിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തവർ എത്ര വലിയ കപ്പിൽ സ്നേഹം എഴുതിവച്ച് ചായ കുടിച്ചിട്ടും കാര്യമില്ല. വിദ്യാർഥികളോടും യുവാക്കളോടുമായി പറയുകയാണ്: വലിയ പദവികൾ ഇല്ലെങ്കിലും ഉത്തരവാദിത്വമുള്ള ഒരു ചെറിയ രാഷ്ടീയക്കാരനും ഡോക്ടറുമായ ഒരാൾ മനസിൽ തട്ടി പറയുന്ന കാര്യമായിത്തന്നെ ഇതിനെ കാണണം. രാഷ്ട്രീയം മനുഷ്യനെ സ്നേഹിക്കാനുള്ളതാണ്. പരസ്പരം വെട്ടിക്കൊല്ലാനുള്ളതല്ല. സ്നേഹം വിളമ്പേണ്ടത് വയസുകാലത്ത് ചെറിയ ചായക്കപ്പിലല്ല. ചെറുപ്പകാലം മുതൽ വലിയ മനസിലാണ്. ഇലക്ഷൻ്റെ തലേന്നത്തെ ഷോയാക്കി സ്നേഹത്തെ മാറ്റരുത്."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.