തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ മൂന്നാമത്തെ ബലാത്സംഗ പരാതി നൽകിയ തന്നെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ വിഡിയോ ചെയ്ത കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ല പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി അതിജീവിത. സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നെന്ന് അതിജീവിത പരാതിയിൽ പറയുന്നു.
ശ്രീനാദേവിയുടെ ഫേസ്ബുക്ക് വിഡിയോ പിന്‍വലിക്കുകയും ഫോറന്‍സിക് പരിശോധനക്ക് അയക്കുകയും വേണം. തന്നെ അധിക്ഷേപിച്ചതിനും സ്വത്വം വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ അന്വേഷണവും നിയമനടപടിയും വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പത്തനംതിട്ടയിലെ കോൺഗ്രസിന്റെ ജില്ല പഞ്ചായത്തംഗം ശ്രീനാദേവി അതിജീവിതനൊപ്പം എന്നു പരാമർശിച്ചാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് ശ്രീനാദേവിക്കും മറ്റ് സൈബർ അധിക്ഷേപക്കാർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു അതിജീവിത പരാതി നൽകിയത്. പ്രതിസന്ധികളെ നേരിടാൻ രാഹുലിന് മനക്കരുത്തുണ്ടാകട്ടെയെന്ന് സി.പി.ഐ വിട്ട് കോൺഗ്രസിലെത്തിയ ശ്രീനാദേവി പറഞ്ഞു. അതിജീവിതക്കൊപ്പം നിൽക്കുമ്പോൾ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേൾക്കണമെന്ന് പറഞ്ഞ ഇവർ, മാധ്യമങ്ങൾ രാഹുലിനെതിരെ ഇല്ലാക്കഥകൾ മെനയുകയാണെന്നും ആരോപിച്ചു. ഇവർക്കൊപ്പം പത്തനംതിട്ടയിലെ ഒരുവിഭാഗം നേതാക്കളും രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിടാൻ തയാറായിട്ടില്ല.
പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറിയും യു.ഡി.എഫ് അടൂർ മണ്ഡലം ചെയർമാനുമായ പഴകുളം ശിവദാസൻ ജയിലിലെത്തി രാഹുലിനെ സന്ദർശിക്കാൻ ശ്രമിച്ചിരുന്നു. രാഹുലിനായി പുതുപ്പള്ളി പള്ളിയിൽ കുർബാനയും വള്ളംകുളം നന്നൂർ ദേവീക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും നടത്തിയാണ് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി റിജോ വള്ളംകുളം പിന്തുണ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.