തൃശൂർ: ചാലക്കുടിപ്പുഴയിൽ പ്രളയജലം ഉയർന്ന് ആയിരങ്ങൾ ദുരിതത്തിലാവാനും ഷോളയാറിനും മലക്കപ്പാറക്കുമിടയിൽ ആറിടത്ത് ഉരുൾെപാട്ടി വൻ നാശമുണ്ടാകാനും കാരണമായത് വാൽപാറ മേഖലയിൽ പെയ്ത 410 മില്ലി മീറ്റർ മഴ. ആഗസ്റ്റ് 15 വൈകീട്ട് ആറ് മുതൽ 10 മണിക്കൂറാണ് തുടർച്ചയായി മഴ പെയ്തത്. ഇതേത്തുടർന്ന് തമിഴ്നാട് ഷോളയാർ (അപ്പർ ഷോളയാർ), പറമ്പിക്കുളം ഡാമുകൾ തുറന്നുവിട്ടു. പ്രധാന കൈവഴിയായ കാരപ്പാറപുഴ, കുരിയാർകുറ്റിയാർ എന്നിവിടങ്ങളിൽനിന്നുമുള്ള വെള്ളവും ചാലക്കുടിപ്പുഴയിൽ ഒഴുകിയെത്തി.
ഇതുമൂലം ഷോളയാർ, പെരിങ്ങൽക്കുത്ത് വൈദ്യുതി നിലയങ്ങൾക്കും കേടുപാട് സംഭവിച്ചു. പെരിങ്ങൽക്കുത്ത് ഡാമിൽ കൂറ്റൻ മരങ്ങൾ വന്നടിയാനും ഡാം നിറഞ്ഞ് കവിയാനും കാരണമായതും ഇതുതന്നെ. മലക്കപ്പാറ-ഷോളയാർ പ്രദേശങ്ങളിലും സമാനമായി മഴ പെയ്തു. പലയിടത്തും മണ്ണിടിച്ചിലുണ്ടാവാനും റോഡുകൾ ഒലിച്ച് പോകാനും ഇത് കാരണമായി. വാൽപാറ മേഖലയുടെ ചരിത്രത്തിൽ ഇങ്ങനെ മഴ പെയ്തിട്ടില്ല. പറമ്പിക്കുളം-ആളിയാർ പദ്ധതി (പി.എ.പി)യുടെ ഭാഗമായുള്ള സംയുക്ത ജല നിയന്ത്രണ ബോർഡാണ്(ജോയൻറ് വാട്ടർ റെഗുലേറ്ററി ബോർഡ്) മഴയുടെ കണക്കെടുത്തത്. മഴയെ തുടർന്ന് ഡാമുകളുടെ സംഭരണശേഷിയുടെ പകുതി െവള്ളം തുറന്നു വിടേണ്ടി വന്നെന്ന് സംയുക്ത ജല നിയന്ത്രണ ബോർഡ് ജോയൻറ് ഡയറക്ടർ പി. സുധീർ ‘മാധ്യമ’ത്തോട് പറഞ്ഞു.
17,500 ദശലക്ഷം ഘനയടി (17.5 ടി.എം.സി) യാണ് പറമ്പിക്കുളത്തിെൻറ സംഭരണശേഷി. അപ്പർ ഷോളയാറിെൻറ ശേഷി 15,250 ദശലക്ഷം ഘനയടിയും. അതേസമയം പറമ്പിക്കുളത്തിെൻറ പരമാവധി ശേഷിയുടെ ഒരുഭാഗമേ പെരിങ്ങൽക്കുത്തിൽ സംഭരിക്കാനാവൂ. കനത്ത നീരൊഴുക്ക് നിയന്ത്രിക്കാൻ ഡാമുകൾ തുറക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. ഡാമുകളോ മറ്റു നിയന്ത്രണങ്ങളോ ഇല്ലാത്ത കാരപ്പാറ, കുരിയാർക്കുറ്റി എന്നിവിടങ്ങളിൽനിന്നുള്ള വെള്ളം നേരെ ചാലക്കുടിപ്പുഴയിെലത്തി. മലക്കപ്പാറ-ഷോളയാർ, ചാലക്കുടി മേഖലകളിൽ തുടർച്ചയായി കനത്ത മഴ പെയ്യുകയും ചെയ്തതോടെയാണ് വൻ ദുരിതവും കോടികളുടെ നാശവും വിതച്ചത്.
തമിഴ്നാടിനെ കുറ്റപ്പെടുത്തി കെ.എസ്.ഇ.ബി റിപ്പോർട്ട്
തൃശൂർ: പറമ്പിക്കുളം അണക്കെട്ടില്‍ നിന്നും തമിഴ്നാട് അളവില്‍ കൂടുതല്‍ വെള്ളമൊഴുക്കിയതാണ് ചാലക്കുടിയിലെ പ്രളയത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ട്. പെരിങ്ങല്‍കുത്ത് ഡാം കരകവിഞ്ഞൊഴുകും വിധത്തില്‍ ജലപ്രവാഹത്തിന് കാരണമായത് പറമ്പിക്കുളത്ത് നിന്നും അപ്പര്‍ ഷോളയാറില്‍ നിന്നും അനിയന്ത്രിതമായി വെള്ളം തുറന്നു വിട്ടതോടെയാണെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.
19,500 ക്യുബിക് അടി വെള്ളമാണ് സെക്കൻഡില്‍ തുറന്നു വിടുകയെന്നാണ് തമിഴ്നാട് ആഗസ്റ്റ് 16ന് പുലര്‍ച്ചെ ഒരു മണിക്ക് അറിയിച്ചത്. എന്നാല്‍ 40,000 ക്യുബിക് അടി വെള്ളം രണ്ട് മണിയോടെ തുറന്നു വിട്ടതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിലയിരുത്തല്‍.
കെ.എസ്.ഇ.ബി ഡയറക്ടര്‍ എന്‍.വേണുഗോപാലിെൻറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന അവലോകനത്തിൽ ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കി. ഇതനുസരിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നൽകുകയും ചെയ്തു. ഇറിഗേഷന്‍ വകുപ്പാണ് ജലം പങ്കുവെക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നതിനാൽ തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്.
അതേസമയം പെരിങ്ങല്‍കുത്ത് ഡാമില്‍ മരങ്ങളും മുളങ്കൂട്ടങ്ങളും അടിഞ്ഞതിനെത്തുടര്‍ന്ന് ഡാമിെൻറ ഷട്ടറുകള്‍ തകരാറിലായത് പുതിയ പ്രതിസന്ധിയായി.
കെ.എസ്.ഇ.ബി അധികൃതര്‍ ഇടപെട്ട് മരങ്ങള്‍ മുറിച്ചു നീക്കുകയാണ്. പറമ്പിക്കുളത്തു നിന്നുള്ള വെള്ളത്തിെൻറ ഒഴുക്ക് കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന വിലയിരുത്തലിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.