വാൽപ്പാറ അപകടം: ധനസഹായ നീക്കം മുഖ്യമന്ത്രി ഇടപെട്ട് മാറ്റിവെച്ചു, ഇരകളെ സർക്കാർ പരിഗണിച്ചില്ല -മഞ്ഞളാംകു​ഴി അലി എം.എൽ.എ

മലപ്പുറം: 10 പേർ കൊല്ലപ്പെട്ട വാൽപ്പാറ വാഹനാപകടത്തിലെ ഇരകളെയും പരിക്കേറ്റവരെയും സർക്കാർ വേണ്ട രീതിയിൽ പരിഗണിച്ചില്ലെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ. അപകടത്തിന് ഇരയായവരെ വേണ്ട രീതിയിൽ സർക്കാർ പരിഗണിച്ചില്ല. ധനസഹായം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നെങ്കിലും പിന്നീട് അതേക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അദ്ദേഹം ശ്രമിച്ചപ്പോൾ മുഖ്യമന്ത്രി ഇടപെട്ട് പിന്നെ നോക്കാം എന്ന് പറഞ്ഞ് മാറ്റിവെച്ചതായാണ് ഞാൻ മനസ്സിലാക്കുന്നത് -അദ്ദേഹം പറഞ്ഞു.

വാൽപ്പാറയിൽ വാഹനാപകടത്തിൽ മരിച്ച പാങ്ങ് ഗവ. എൽ.പി, യു.പി സ്കൂൾ ​അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും അടക്കം 10 പേരുടെ ആശ്രിതർക്കും ധനസഹായം നൽകണമെന്നും പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ചേർന്ന സർവ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങ​ളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ഞളാംകുഴി എംഎൽഎയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് യോഗം ചേർന്നത്.


ഇത്ര വലിയ ദുരന്തം നടന്നിട്ടും സർക്കാർ ഇതുവരെ നഷ്ടപരിഹാരം നൽകാത്തത് നീതീകരിക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളവരടക്കമുള്ള ഇരകൾക്ക് സർക്കാർ നയാ പൈസ പോലും ഇതുവരെ നൽകിയിട്ടില്ലെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ പറഞ്ഞു. ‘ഇന്നലെ ഞാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ കണ്ട് വീണ്ടും സംസാരിച്ചിരുന്നു. അദ്ദേഹം ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നും എന്തെങ്കിലും ഒരു തീരുമാനം എടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ ഉപനേതാവിനോടും ഞങ്ങൾ ഈ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹവും അവരുമൊക്കെയായി ബന്ധപ്പെട്ട് പെട്ടെന്ന് തന്നെ തുക പാസാക്കി തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്’ -എം.എൽ.എ പറഞ്ഞു.

‘സർക്കാർ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല. ഇതൊരു അത്യാവശ്യ കാര്യമാണെന്ന് മനസ്സിലാക്കാതെയാണോ അതോ മനസ്സിലാക്കിയിട്ട് അത് നടത്താത്തതാണോ എന്നറിയില്ല. വലിയ ദുഃഖകരമായ കാര്യം തന്നെയാണത്. പരിക്കേറ്റവരുടെ തുടർ ചികിത്സയാണ് നമ്മൾ അത്യാവശ്യമായി ആവശ്യപ്പെടുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ട് വേണ്ട കാര്യങ്ങൾ ചെയ്യണം. ഇനി അഥവാ ഒരു നയാ പൈസ സർക്കാർ തന്നിട്ടില്ലെങ്കിലും ചികിത്സ നമ്മൾ വളരെ ഭംഗിയായി നടത്തും. എന്തൊക്കെ നമുക്ക് ചെയ്യാൻ പറ്റുമോ ആ കാര്യങ്ങളൊക്കെ നടത്തും. എല്ലാവരുടെയും സഹായത്തോടെ ഇക്കാര്യങ്ങൾ ഒരുമിച്ച് മുന്നോട്ട് ​കൊണ്ടുപോകും

പണം ലഭിക്കാൻ ആവശ്യമായ എല്ലാ വഴികളും തേടും. എങ്ങനെയെങ്കിലും ആ ഫണ്ട് വാങ്ങി നൽകണം. കൂടാതെ ഡെത്ത് സർട്ടിഫിക്കറ്റ് അടക്കം മരിച്ചവരുടെ ലീഗൽ കാര്യങ്ങൾ പൂർത്തിയാക്കണം. പത്തുപേരാണ് മരിച്ചത്. ഇവരുടെ പേപ്പേഴ്സ് എല്ലാം ശരിയാക്കി ഇൻഷുറൻസ് ക്ലെയിം ചെയ്യണം. സർക്കാറിൽനിന്ന് പണം കിട്ടിയില്ല എന്നു പറഞ്ഞ് ചികിത്സ ​നീട്ടാൻ പറ്റില്ല. ഇതിനാവശ്യമായ പണം കണ്ടെത്താൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്’ -അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - valparai accident: pinarayi postponed the financial assistance move - Manjalamkuzhi Ali MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.