1. അറസ്റ്റിലായ റിജിൻ രാജ്, അമിത് പി.കെ, ജിഷ്ണു സി.കെ, ആദിത് കെ 2. വയോധികനെ ആക്രമിക്കുന്ന യുവാക്കൾ

വയോധികനെ മർദിച്ച നാലുപേരെ വളപട്ടണം പൊലീസ് പിടികൂടി

കണ്ണൂർ: അഴീക്കലിൽ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അഴീക്കൽ സ്വദേശിയായ വയോധികനെ മർദിച്ച നാലുപേരെ വളപട്ടണം പൊലീസ് പിടികൂടി. അഴീക്കോട് സ്വദേശിയായ ജിഷ്ണു സി.കെ. (18), അഴീക്കോട് പള്ളിക്കുന്നുംപുറം സ്വദേശി അമിത് പി.കെ. (18), അഴീക്കോട് മൂന്നുനിലത്ത് സ്വദേശി ആദിത് കെ. (18), അഴീക്കൽ സ്വദേശി റിജിൻ രാജ് (20) എന്നിവരാണ് പിടിയിലായത്.

2025 ഒക്ടോബർ 5ന് പരാതിക്കാരന്റെ വീടിനടുത്ത് കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തിൽ, അഴീക്കൽ സ്വദേശിയായ വയോധികനെ നാലു പേർ ചേർന്ന് മർദിക്കുകയും അശ്ലീലഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്ന് നാലു പേരെയും പിടികൂടി. ഇവർ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂർ സിറ്റി പൊലീസ് കമീഷണർ നിധിൻരാജ് പി. ഐ.പി.എസ്, അസിസ്റ്റന്റ് കമീഷണർ ഓഫ് പൊലീസ് (കണ്ണൂർ) പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദേശപ്രകാരം വളപട്ടണം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ വിപിൻ, എസ്.ഐ രാഗേഷ്, എ.എസ്.ഐ സുജിത്ത്, എ.എസ്.ഐ അനിൽ, എസ്.സി.പി.ഒ ജാഫർ, സി.പി.ഒ സുമിത്ത്, സി.പി.ഒ സുഭാഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. വയോധികൻ റോഡിൽ കാർ നിർത്തിയത് യുവാക്കൾ ചോദ്യം ചെയ്തു. കാർ ഓടിക്കുകയായിരുന്ന ബാലകൃഷ്ണൻ തെറി വിളിച്ചെന്നാരോപിച്ചാണ് യുവാക്കൾ മർദിച്ചത്.

കാറിനകത്ത് ഇരിക്കുകയായിരുന്ന ബാലകൃഷ്ണനെ യുവാക്കളിൽ ഒരാൾ നിരന്തരം ആക്രമിച്ചു. മർദനം സഹിക്കാതെ കാറിൽ നിന്നിറങ്ങി നടന്നു പോയപ്പോഴും ഇവർ ​വെറുതെ വിട്ടില്ല. നടന്നുനീങ്ങിയ വയോധികനെ യുവാവ് പിന്നിൽ നിന്ന് ആഞ്ഞുചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണം മതിയെന്ന് ദൂരെ നിന്ന് മറ്റ് സുഹൃത്തുക്കൾ വിളിച്ചു പറയുന്നതും തെറി വിളിച്ചവനെ വെറുതെ വിടാമോ എന്നൊക്കെ ചോദിക്കുന്നതും ദൃശ്യത്തിൽ കേൾക്കാം.

വീട്ടിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. മർദനം തുടർന്നതോടെ, ബാലകൃഷ്ണൻ റോഡരികിലെ കടയിലേക്ക് കയറിയപ്പോഴും യുവാക്കൾ വിട്ടില്ല. കടയിൽ കയറിയും യുവാക്കൾ മർദനം തുടർന്നു. ഓടിക്കൂടിയ നാട്ടുകാർ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. 

Tags:    
News Summary - Valapattanam Police arrest four people for beating elderly man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.