വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവറെ കാണാനില്ല, ആശുപത്രിയിൽ നൽകിയത് വ്യാജ പേര്

തൃശൂർ: വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ആശുപത്രിയിൽ നിന്ന് മുങ്ങി. ലൂമിനസ് ബസ് ഡ്രൈവർ ജോമോനെയാണ് കാണാതായത്. ഇയാൾ ആശുപത്രിയിൽ വ്യാജ പേരാണ് നൽകിയത്.

വടക്കഞ്ചേരി ഇ.കെ നായനാർ ആശുപത്രിയിലായിരുന്നു ജോമോൻ ചികിത്സ തേടിയത്. എന്നാൽ ജോജോ പത്രോസ് എന്ന പേരാണ് ആശുപത്രിയിൽ നൽകിയത്. പൊലീസുകാരാണ് ജോമോനെ ആശുപത്രിയിലെത്തിച്ചത്. കൈയിലും കാലിലും നിസാര പരിക്കേ ഉണ്ടായിരുന്നുള്ളൂ. എക്സ് റേ എടുത്ത് പരിശോധിച്ചിരുന്നു. ചികിത്സ തേടിയ ശേഷം ഇ‍യാളെ ആശുപത്രിയിൽ നിന്ന് കാണാതാവുകയായിരുന്നു.

ആദ്യം ഇയാൾ അധ്യാപകനാണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. പിന്നീടാണ് ഡ്രൈവറാണെന്ന് വ്യക്തമാക്കിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ പട്ടികയിൽ ജോമോന്‍റെ പേര് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇയാൾ മുങ്ങിയതാണെന്ന് വ്യക്തമായത്. ഡ്രൈവറെ കണ്ടെത്താൻ ശ്രമം തുടരുന്നതായി പാലക്കാട് കലക്ടർ മൃൺമയി ജോഷി പറഞ്ഞു.

വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകട സമയത്ത് ജോമോൻ ഓടിച്ച ടൂറിസ്റ്റ് ബസിന്‍റെ വേഗം മണിക്കൂറിൽ 97.7 കി.മീറ്റർ ആയിരുന്നുവെന്ന് ജി.പി.എസ് വിവരങ്ങളിൽ വ്യക്തമായിരുന്നു. അമിതവേഗത്തിൽ മറികടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിന് പിന്നിലിടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു ബസ്. അപകടത്തിൽ അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും മൂന്ന് യാത്രക്കാരും ഉൾപ്പെടെ ഒമ്പത് പേരാണ് മരിച്ചത്. നേരത്തെ നിരവധി നിയമലംഘനങ്ങൾ നടത്തിയതിന് ബ്ലാക് ലിസ്റ്റിൽ പെടുത്തിയ ബസാണ് അപകടത്തിൽപെട്ടത്. 

Tags:    
News Summary - Vadakancheri bus accident: Tourist bus driver missing, fake name given to hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.