കൊച്ചി: സംസ്ഥാനത്തിെൻറ ആവശ്യത്തിന് വാക്സിൻ വാങ്ങാൻ ആഗോള ടെൻഡറിന് നടപടിയെടുത്തതായി സർക്കാർ ഹൈകോടതിയിൽ. ഡ്രഗ്സ് കൺട്രോളർ ഒാഫ് ഇന്ത്യ അനുവദിച്ച കമ്പനികളിൽനിന്ന് വാക്സിൻ വാങ്ങാനാണ് തീരുമാനം.
70 ലക്ഷം കോവിഷീൽഡിനും 30 ലക്ഷം കോവാക്സിനും ഒാർഡർ നൽകിയെങ്കിലും സംസ്ഥാനങ്ങൾക്ക് നൽകുന്നത് കുറച്ചുമാസത്തേക്ക് പരിമിതപ്പെടുത്തിയതായാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. തുടർന്നാണ് ആേഗാള ടെൻഡറിന് നടപടിയെടുത്തതെന്നും സർക്കാർ വ്യക്തമാക്കി.
മേയ് 20വരെ 76,44,810 ഡോസ് കോവിഷീൽഡാണ് ലഭിച്ചത്. മേയ് നാലുവരെ 6,18,620 ഡോസ് േകാവാക്സിനും ലഭിച്ചു. ഇതിൽ ആംഡ് ഫോഴ്സ് മെഡിക്കൽ സയൻസ് വിഭാഗത്തിന് 44,500 ഡോസും പുതുച്ചേരിയിൽ ഉൾപ്പെടുന്ന മാഹിക്ക് 21,000 ഡോസും കേന്ദ്ര നിർദേശപ്രകാരം നൽകി.
സംസ്ഥാനത്ത് ഉപയോഗിച്ചത് 81,97,930 ഡോസാണ്. 23 മേയ് വരെ 45 വയസ്സിനു മുകളിലുള്ളവരിൽ 55,56,820 (49 ശതമാനം) പേർ ഫസ്റ്റ് ഡോസ് സ്വീകരിച്ചു. 58,19,220 പേർക്കാണ് ലഭിക്കാനുള്ളത്. രണ്ടാം ഡോസ് എടുത്തവർ 12,23,550ഉം എടുക്കാനുള്ളവർ 1,01,52,490മാണ്.
രണ്ട് ഡോസിനുമായി ഇനി 1, 59,71,710 ഡോസാണ് വേണ്ടത്. ആരോഗ്യപ്രവർത്തകരടക്കമുള്ളവർക്ക് ഇനി നൽകേണ്ടത് 2,43,028 ഡോസും 18 - 45 വയസ്സുവരെയുള്ളവർക്ക് വേണ്ടത് 1.5 കോടി േഡാസുമാണ്. 8.84 ലക്ഷം ഡോസ് വാങ്ങിയതിൽ 25,954 പേർ ഫസ്റ്റ് ഡോസ് സ്വീകരിച്ചു. രണ്ടു ഡോസും പൂർത്തിയാക്കാൻ വേണ്ടത് 2.91 കോടി ഡോസാണെന്നും സംസ്ഥാന സർക്കാർ നൽകിയ വിശദീകരണത്തിൽ പറയുന്നു.
നയം മാറ്റം കുറഞ്ഞ വിലയ്ക്കുള്ള വാക്സിെൻറ ലഭ്യത വർധിപ്പിക്കുമെന്ന് കേന്ദ്രം ഹൈകോടതിയിൽ
കൊച്ചി: കേന്ദ്ര സർക്കാറിെൻറ വാക്സിൻ നയത്തിൽ മാറ്റം വരുത്തി നടപ്പാക്കിയ പദ്ധതി കൂടുതൽ വാക്സിൻ കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയും ലഭ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് സർക്കാർ ഹൈകോടതിയിൽ.
വാക്സിൻ പൊതുവിപണിയിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ലിബറലൈസ്ഡ് പ്രൈസിങ് ആൻഡ് ആക്സിലറേറ്റഡ് കോവിഡ് 19' വാക്സിനേഷൻ പദ്ധതി നടപ്പാക്കിയതെന്നും വിശദീകരണ പത്രികയിൽ പറയുന്നു. പുതിയ വാക്സിൻ നയത്തിനെതിരെ മാത്യു നെവിൻ തോമസ് നൽകിയ ഹരജിയിലാണ് വിശദീകരണം.
വാക്സിൻ വില കർശനമായി നിയന്ത്രിക്കാൻ തുടങ്ങിയാൽ മതിയായ അളവിൽ ലഭിക്കാതെവരും. വാക്സിനു പലവില അനുവദിക്കുന്നത് സ്വകാര്യ വാക്സിൻ നിർമാതാക്കളുടെ മത്സരത്തിന് വഴിയൊരുക്കും. ഇതോടെ വിദേശ കമ്പനികളടക്കം ഇന്ത്യൻ വിപണിയിൽ വരും.
മതിയായ അളവിൽ വാക്സിൻ ലഭ്യമാക്കാനാകുന്നതോടെ വിലയും കുറയും. വരുന്ന ആഴ്ചകളിൽ റഷ്യൻ വാക്സിനായ സ്പുട്നിക് ലഭ്യമാകും.
വിദേശ കമ്പനിയായ അസ്ട്ര സെനകയുടെ ലൈസൻസിലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് നിർമിക്കുന്നത്. ഇൗ കമ്പനിയുടെ ലൈസൻസില്ലാതെ വാക്സിൻ നിർമാണം മറ്റു കമ്പനികൾക്ക് നൽകാനാവില്ല. അതേസമയം, രണ്ടു പൊതുമേഖലാ കമ്പനികളിലാണ് കോവാക്സിൻ നിർമിക്കുന്നത്. നിലവിൽ വാക്സിൻ നിർമാണം പ്രതിമാസം 8.5 കോടി ഡോസാണ്.
പ്രതിമാസം അഞ്ചു കോടി ഡോസിൽനിന്ന് പ്രതിമാസ ഉൽപാദനം സിറം ഇൻസ്റ്റിറ്റ്യൂട്ട് 6.5 കോടിയായി വർധിപ്പിച്ചു. ജൂലൈയിൽ വീണ്ടും വർധിപ്പിക്കും. ഭാരത് ബയോടെക് പ്രതിമാസ ഉൽപാദനം 90 ലക്ഷത്തിൽനിന്ന് രണ്ടു കോടിയായി ഉയർത്തി. ജൂലൈയിൽ 5.5 കോടിയാക്കാനാണ് ഉദ്ദേശ്യം. സ്പുട്നിക്കിെൻറ ഉൽപാദനം പ്രതിമാസം 30 ലക്ഷത്തിൽനിന്ന് ജൂലൈയിൽ 1.2 കോടിയായി വർധിപ്പിക്കുമെന്നും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.