കാപ്പാ കേസ് പ്രതിയായ ബി.ജെ.പി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ്; പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മ്യൂസിയം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി കോര്‍പ്പറേഷനിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും പരിശോധിക്കാനാണ് പൊലീസ് നീക്കം. എൽ.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി ദീപകാണ് വ്യാജ ഒപ്പ് ഇട്ടെന്ന പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നൽകിയത്. പ്രാഥമിക അന്വേഷണത്തില്‍ എന്തെങ്കിലും തരത്തിലുള്ള കൃത്രിമത്വം കണ്ടെത്തിയാല്‍ കേസ് എടുക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സുഗതന്റെ ഒപ്പ് പൂര്‍ണമായും വ്യാജമാണെന്ന് എസ്.പി. ദീപക്ക് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അഫിഡവിറ്റിലും രജിസ്റ്ററിലും ഒപ്പിട്ടിരിക്കുന്ന രീതികള്‍ തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് സുഗതന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല. നഗരസഭയില്‍ കോണ്‍ഗ്രസ് നേതാവ് ശബരിനാഥ് ഹാജർ രജിസ്റ്റര്‍ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ ബി.ജെ..പി കൗണ്‍സിലര്‍മാര്‍ ആക്രമണം അഴിച്ചുവിട്ടത്, ആ രജിസ്റ്ററില്‍ അവര്‍ക്ക് ഒളിപ്പിക്കാന്‍ എന്തോ ഉണ്ട് എന്നതിന്റെ തെളിവാണെന്നും ദീപക്ക് ആരോപിച്ചു.

കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മേയര്‍ വി.വി. രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ക്രമക്കേട് നടന്നതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. തുടര്‍ച്ചയായി മൂന്ന് യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ വിവരാവകാശ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 26, മാര്‍ച്ച് 3, ഏപ്രില്‍ 27 എന്നീ തീയതികളിലെ കൗണ്‍സില്‍ യോഗങ്ങളിലാണ് വ്യാജ ഒപ്പിട്ടതെന്നാണ് പരാതിയിലുള്ളത്. ഇത് വ്യക്തമാക്കുന്ന രജിസ്റ്റര്‍ തെളിവുകളും സി.പി.എം പുറത്തുവിട്ടിരുന്നു. ഭരണം നിലനിർത്താൻ ക്രമക്കേട് നടത്തിയ ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്നും എല്‍ഡി.എഫ് അറിയിച്ചിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്. മുമ്പും സി.പി.എം സമാന ആരോപണം ഉന്നയിച്ചിരുന്നെങ്കിലും, ഇപ്പോള്‍ വിവരാവകാശ രേഖ കൂടി ലഭിച്ച സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാനും പരാതി നല്‍കാനുമുള്ള തീരുമാനത്തിലേക്ക് എത്തിയത്.

കഴിഞ്ഞ ദിവസം ആര്‍. ശ്രീലേഖ രാജിക്കത്ത് കൈമാറി എന്ന വിവാദം പുറത്തുവന്നതിന് പിന്നാലെയാണ് സുഗതന്റെ ഹാജറുമായി ബന്ധപ്പെട്ട വിഷയം വീണ്ടും ചര്‍ച്ചയായത്. സ്വതന്ത്രന്റെ പിന്തുണയോടെയാണ് കേവല ഭൂരിപക്ഷത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി ഭരണം നിലനില്‍ക്കുന്നത്. ആകെയുള്ള 101 സീറ്റുകളില്‍ 50 ഇടങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് പ്രതിനിധികളുള്ളത്. പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് നിലവിൽ കേവല ഭൂരിപക്ഷം തികച്ചിരിക്കുന്നത്. അതിനാൽ ശ്രീലേഖ കൂടി രാജി വെച്ചാല്‍ ബി.ജെ.പിക്ക് വലിയ പ്രതിസന്ധി ഉണ്ടാകും. ഈ സാഹചര്യം മുതലെടുത്താണ് സി.പി.എം സുഗതന്റെ ഹാജര്‍ ക്രമക്കേട് വീണ്ടും സജീവമായി ഉന്നയിക്കുന്നത്. വരും ദിവസങ്ങളിലും ഈ വിഷയം രാഷ്ട്രീയ ചര്‍ച്ചയാക്കി നിര്‍ത്താനാണ് സി.പി.എമ്മിന്റെ തീരുമാനം.

Tags:    
News Summary - KAAPA Accused BJP Councilor Sugathan's Forged Signature Controversy: Police Begin Preliminary Inquiry in Trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.