പു​ന്ന​മ​ട​യി​ലേ​ക്കു​ള്ള റോ​ഡി​ൽ തി​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ടൂ​റി​സ്റ്റ്​ ബ​സ്

കരയിലും കനാലിലും കുരുക്ക്

ആലപ്പുഴ: അവധി ദിനം ആഘോഷിക്കാനും കായൽ യാത്രയുടെ ആനന്ദം അനുഭവിക്കാനുമായി ആലപ്പുഴയിലെത്തുന്ന വിനോദസഞ്ചാരികളെ വലച്ച് ട്രാഫിക് കുരുക്ക്. വാടക്കനാലിന്‍റെ വടക്കേ കരയിൽ മുനിസിപ്പൽ ചത്വരം മുതൽ പുന്നമട ഫിനിഷിങ് പോയന്‍റ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. കനാലിലാകട്ടെ ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകളും ചികാര വള്ളങ്ങളും ടൂറിസ്റ്റ് ബോട്ടുകളും ചേർന്ന തിരക്ക്.

താൽക്കാലിക ജെട്ടിയിൽ കുരുക്കിൽപെട്ട ബോട്ടുകളും വള്ളങ്ങളും

 മനസ്സമാധാനത്തോടെ കരയിലും കായലിലും യാത്ര ചെയ്യാനാവാത്ത തിരക്കാണിപ്പോൾ പുന്നമടയിൽ. ജില്ല കോടതി പാലം പൊളിച്ച് കൂറ്റൻ പദ്ധതി നടപ്പാക്കാൻ തുടങ്ങിയപ്പോൾ ഞെങ്ങിഞെരുങ്ങിയാണ് ഇതുവഴിയുള്ള യാത്ര. കനാലിന് കുറുകെ പഴയ കൺട്രോൾ റൂമിനടുത്ത് നിർമിച്ച താൽകാലിക പാലം വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. ഇടുങ്ങിയ ഈ പാലത്തിലൂടെ വലിയ ടൂറിസ്റ്റ് ബസുകൾ കടന്നുവരുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. വീതികുറഞ്ഞ റോഡിൽ വാഹനങ്ങൾ തിരിക്കാൻ പോലും കഴിയാതാവുമ്പോൾ റോഡിൽ വാഹനങ്ങൾ കുരുങ്ങി കിടക്കും.

ബോട്ട് ജെട്ടി ബസ് സ്റ്റാൻഡിന് കിഴക്കുഭാഗത്ത് ഇൻഡ്യൻ ഓയിൽ പമ്പിനടുത്തേക്ക് മാറ്റിയതാണ് കനാലിലെ തിരക്കിന് കാരണം. ടൂറിസ്റ്റുകൾക്ക് കുറഞ്ഞ ചെലവിൽ കായൽ യാത്ര ആസ്വദിക്കാൻ ജലഗതാഗത വകുപ്പ് ഏർപ്പെടുത്തിയ വേഗ, കുട്ടനാട് സഫാരി ബോട്ടുകൾ വലിപ്പം കൂടിയവയാണ്. കനാലിൽ ഈ ബോട്ടുകൾ തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ഈ സമയത്ത് മറ്റു ബോട്ടുകളും വള്ളങ്ങളും കുടുങ്ങുന്നതും പതിവ് കാഴ്ച. ഗതാഗതം നിയന്ത്രിക്കാൻ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ ടൂറിസ്റ്റുകൾ കൂടുതൽ എത്തുന്ന ദിവസങ്ങളിൽ പുന്നമടയ്ക്ക് ശ്വാസം മുട്ടും. 

Tags:    
News Summary - Entanglement on land and in the canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.