തൂഫാനിൽ തിളങ്ങി ഇടുക്കി; വലയിലായത് 599 പേർ
തൊടുപുഴ: സംസ്ഥാന സർക്കാറിന്റെ ഓപറേഷൻ തൂഫാൻ പദ്ധതി നാലുമാസം പിന്നിടുമ്പോൾ തിളക്കമേറി ഇടുക്കി. നാലുമാസത്തിനിടെ ലഹരിക്കേസിൽ 599 പേരെ വലയിലാക്കിയാണ് പദ്ധതി ഇടുക്കിയിലും കൈയടി നേടുന്നത്. ഹൈറേഞ്ചിലും ലോറേഞ്ചിലുമായി വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായാണ് പ്രതികൾ വലയിലായത്. ഇതോടൊപ്പം പൊലീസ് ജാഗരൂകരായതോടെ ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്ക് മന്ദത നേരിടുന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
പൊലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ജൂൺ 2 മുതൽ ഇതുവരെ ഇടുക്കി ജില്ലയിൽ 594 കേസുകളിൽനിന്നായി 599 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽനിന്ന് 117.21 ഗ്രാം ഹഷീഷ് ഓയിൽ, 33.92 ഗ്രാം എം.ഡി.എം.എ, 0.102 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 25.222 കിലോ ഗ്രാം കഞ്ചാവ്, 290 കഞ്ചാവ് ബീഡികൾ, 31 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
‘തൂഫാനടി’യേറ്റ് മുന്നണികൾ
ഇടുക്കിയിൽ ഓപറേഷൻ തൂഫാൻ നടപടികൾ പൊലീസ് സജീവമാക്കിയതോടെ രാഷ്ട്രീയ പാർട്ടികൾക്കടക്കം പൊള്ളലേറ്റ സ്ഥിതിയാണ്. ഇടത്, വലത് മുന്നണികളുടെ പ്രാദേശിക-യുവജന നേതാക്കളും ജനപ്രതിനിധികളായിരുന്നവരുമെല്ലാം പ്രതികളാക്കപ്പെട്ടതോടെ പരസ്പരം പഴിചാരാൻപോലും ഇവർക്ക് കഴിയാത്ത സ്ഥിതിയാണ്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളടക്കമുള്ളവരാണ് ആദ്യം വലയിലായതെങ്കിൽ കോൺഗ്രസ് നേതാവായ മുൻ തൊടുപുഴ നഗരസഭ ചെയർമാൻ പിന്നാലെ പ്രതിപ്പട്ടികയിലായി. വണ്ണപ്പുറം പഞ്ചായത്തിലെ മുസ്ലിം ലീഗ് പഞ്ചായത്തംഗത്തിന്റെ ഭർത്താവടക്കം മൂന്നുപേർ പിടിയിലായതാണ് ഏറ്റവും പുതിയ സംഭവം. ഇതേസമയം ഇടത്തട്ടുകാർ പിടിയിലാകുന്നുണ്ടെങ്കിലും പ്രധാന കണ്ണികളിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന ആക്ഷേപം ഇപ്പോഴും വിവിധ കോണുകളിൽനിന്നുയരുന്നുണ്ട്.
പരിശോധന ശക്തമാക്കാൻ പൊലീസ്
തദ്ദേശ സ്ഥാപനങ്ങളുടേയും വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ തൂഫാൻ നടപടികൾ കൂടുതൽ താഴേതട്ടിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി വാർഡ്തലത്തിൽ ഗ്രാമസഭകളടക്കം ചേർന്ന് വരുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ലഹരി മാഫിയക്കെതിരെ കൂടുതൽ ശക്തമായ പ്രതിരോധം തീർക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇടുക്കി ജില്ലയിലെ ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ജില്ല തൂഫാൻ കൺട്രോൾ റൂം നമ്പറായ 9497932508ൽ അറിയിക്കണമെന്നും സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും ജില്ല പൊലീസ് സൂപ്രണ്ട് ഡോ. എ. നസീം പറഞ്ഞു.
എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
കബീർ, റാഫിമോൻ, ഷമ്മാസ്
വണ്ണപ്പുറം: രാസലഹരിയുമായി വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭർത്താവടക്കം മൂന്നുപേർ പിടിയിൽ. പഞ്ചായത്ത് 16ാം വാർഡ് മെംബറുടെ ഭർത്താവ് അമ്പലപ്പടി മുണ്ടിക്കുന്നേൽ റാഫിമോൻ (42), പുഴക്കരയിൽ ഷമ്മാസ് (36), പള്ളിക്കവല ചെത്തിക്കോട്ട് കബീർ (36) എന്നിവരാണ് കാളിയാർ പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാളിയാർ പൊലീസ് സബ് ഇൻസ്പെക്ടർ വി.വി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, പള്ളിപ്പടിക്കവലയിൽ ഒന്നാംപ്രതി വാടകക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതികളുടെ പക്കൽനിന്നും 1.6 ഗ്രാം എം.ഡി.എം.എയും ഇത് ഉപയോഗിച്ച ഒരു ഗ്ലാസ് ഫ്യൂമറും നാല് ഗ്യാസ് ലൈറ്ററുകളും പ്രതികൾ മയക്കുമരുന്ന് വിൽപന നടത്തിയ വകയിൽ കിട്ടിയ 6270 രൂപയും കണ്ടെത്തുകയായിരുന്നു.
അതേസമയം, റാഫിയോടൊപ്പം പിടിയിലായ മറ്റുള്ളവരും മുസ്ലിം ലീഗ് പ്രവർത്തകരാണെന്നാണ് സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. മുഖ്യപ്രതിയെ വൈദ്യപരിശോധനക്കെത്തിച്ച ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി സി.പി.എം പ്രവർത്തകർ തടിച്ച് കൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. റാഫി നേരത്തെയും ലഹരിക്കേസുകളിൽ പിടിയിലായിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് ഇയാൾ നേരത്തെതന്നെ പൊലീസ് നിരീക്ഷണത്തിലായിരുന്നു. രണ്ടുവട്ടം പൊലീസ് വലവിരിച്ചെങ്കിലും ഇയാൾ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസുദ്യോഗസ്ഥർ പറഞ്ഞു. പ്രതികളുടെ ഫോൺ വിവരങ്ങളടക്കം പരിശോധിച്ച് ഇടപാടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് അന്വേഷണ ഉേദ്യാഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.