തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ സലാമിനെതിരെ വിമർശനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.എസ്. ശിവൻകുട്ടി. സലാം സലാമിന്‍റെ സംസ്കാരം പുറത്തെടുത്തതാണെന്ന് ശിവൻകുട്ടി പറഞ്ഞു.
കേരളത്തിന്‍റെ മുഖ്യമന്ത്രിയെക്കുറിച്ച് സാലം അങ്ങനെയൊരു പ്രസ്താവന നടത്താൻ പാടില്ലാത്തതാണ്. സാധാരണ നിലയിൽ മുസ്‍ലിം ലീഗിന്‍റെ നേതാക്കളൊന്നും ആ നിലയിലുള്ള പ്രസ്താവന നടത്തുന്നവരല്ല. സലാം സലാമിന്‍റെ സംസ്കാരം പുറത്തെടുത്തു -വി. ശിവൻകുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നേരത്തെ, വിവാദ പരാമർശത്തിൽ പി.എം.എ സലാമിനെ ലീഗ് നേതൃത്വം തള്ളിയിരുന്നു. രാഷ്ട്രീയവിമർശനങ്ങൾ ആകാമെങ്കിലും വ്യക്തിയധിക്ഷേപം പാടില്ലെന്നാണ് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞത്. ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ, രാഷ്ട്രീയപരമായ വിമർശങ്ങൾ വ്യക്തി അധിക്ഷേപത്തിലേക്ക് പോകരുത്. എല്ലാവരും ഇക്കാര്യത്തിൽ സൂക്ഷ്മതവെച്ചുപുലർത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, പി.എം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.എം.എ സലാം അധിക്ഷേപ പരാമർശം നടത്തിയത്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പി.എം ശ്രീയിൽ ഒപ്പിട്ടതെന്നാണ് പി.എം സലാം പറഞ്ഞത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും പി.എം.എ സലാം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.