വെള്ളാപ്പള്ളി പറഞ്ഞത് കേരളത്തിലെ സാമൂഹിക യാഥാർഥ്യം; അല്ലെങ്കിൽ സർക്കാർ പ്രവൃത്തിയിലൂടെ തെളിയിക്കണം -വി. മുരളീധരൻ

തിരുവനന്തപുരം: വർഗീയ പരാമർശം നടത്തിയതിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ രംഗത്ത്. വെള്ളാപ്പള്ളി പറഞ്ഞത് കേരളത്തിലെ സാമൂഹിക യാഥാർഥ്യമാണ്. പ്രത്യേക സമുദായത്തിൽ പെടുന്നവർ സ്വീകരിക്കുന്ന നിലപാടുകൾ അനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്ന സാഹചര്യമുണ്ട്. സ്കൂൾ സമയം പോലും മത സംഘടനകൾ നിർദേശിക്കുന്ന തലത്തിലേക്കും അത് സർക്കാർ അംഗീകരിക്കുന്ന നിലയിലേക്കും എത്തിയെന്ന് മുരളീധരൻ പറഞ്ഞു.

“വെള്ളാപ്പള്ളി പറഞ്ഞത് കേരളത്തിലെ സാമൂഹിക യാഥാർഥ്യമാണ്. അക്കാര്യത്തിൽ കേരളത്തിൽ ആർക്കും സംശയമുണ്ടാകേണ്ടതില്ല. കാന്തപുരവും ലീഗുമെല്ലാം അതിൽ പ്രതിഷേധിക്കുന്നത് എന്തിനെന്ന് അറിയില്ല. അവർക്കനുകൂലമായ കാര്യമല്ലേ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്. സ്കൂൾ സമയം പോലും മദ്രസകളുടെ സമയത്തിനനുസരിച്ച് ക്രമീകരിക്കണമെന്ന് മത സംഘടനകൾ നിർദേശിക്കുന്ന തലത്തിലേക്കും അത് സർക്കാർ അംഗീകരിക്കുന്ന നിലയിലേക്കും എത്തിയിരിക്കുകയാണ്.

ഒരു പ്രത്യേക സമുദായത്തിൽ പെടുന്നവർ സ്വീകരിക്കുന്ന നിലപാടുകൾ അനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്ന സാഹചര്യമുണ്ടെന്ന് എല്ലാവർക്കുമറിയാം. കാര്യങ്ങൾ നടക്കണം പക്ഷേ അത് പുറത്തറിയരുത് എന്നാണ് കാന്തപുരവും ലീഗും കരുതുന്നത്. മുസ്ലിം ലീഗിന്‍റെ നിലപാടിനപ്പുറം പോകാൻ കഴിയാത്തതുകൊണ്ടാണോ പ്രതിപക്ഷം വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് സംശയമുണ്ട്. വെള്ളാപ്പള്ളി പറഞ്ഞത് യാഥാർഥ്യമല്ലെങ്കിൽ അത് സർക്കാർ പ്രവൃത്തിയിലൂടെ തെളിയിക്കണം” -വി. മുരളീധരൻ പറഞ്ഞു.

സി. സദാനന്ദനെ പാർലമെന്‍റിലേക്ക് നാമനിർദേശം ചെയ്തതിനെ കുറ്റപ്പെടുത്തിയ സി.പി.എം നിലപാടിനെയും മുരളീധരൻ വിമർശിച്ചു. അർഹത തീരുമാനിക്കുന്നത് രാഷ്ട്രപതിയാണ്. മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ നടത്തുന്ന പല നോമിനേഷനുകളും, പി.എസ്.സി അംഗങ്ങളുടെ ഉൾപ്പെടെ ആക്ഷേപത്തിന് വിധേയമായിരിക്കുകയാണ്. പി.എസ്.സിയെ ഉൾപ്പെടെ രാഷ്ട്രീയവൽക്കരിച്ചു. അവർ രാഷ്ട്രപതിയുടെ നാമനിർദേശം വിമർശിക്കുകയാണ്. സ്വന്തം മുഖം കണ്ണാടിയിൽ നോക്കിയിട്ട് മറ്റുള്ളവരെ വിമർശിച്ചാൽ മതിയെന്നും വി. മുരളീധരൻ പറഞ്ഞു.

അതെസമയം വർഗീയ പ്രസ്താവന നടത്തി കേസെടുക്കാൻ വെല്ലുവിളിച്ച വെള്ളാപ്പള്ളി നടേശനെ തള്ളുകയും കൊള്ളുകയും ചെയ്യാത്ത നിലപാടാണ് സി.പി.എം സ്വീകരിച്ചത്. വെള്ളാപ്പള്ളിയോടുള്ള സമീപനത്തിലെ ഭിന്നത പ്രകടമാക്കി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ തന്നെ വിരുദ്ധാഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. സാഹോദര്യാന്തരീക്ഷം തകർക്കുന്നതാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം പ്രമുഖർ രംഗത്തുവന്നപ്പോഴാണ് സി.പി.എമ്മും ഇടതു മുന്നണിയും ശക്തമായ നിലപാട് സ്വീകരിക്കാത്തത്. ഇത് നേതാക്കൾക്കിടയിലും മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.

യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കാൻ ഇടപെട്ടതിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം നേരിൽ അഭിനന്ദിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ പേരെടുത്ത് പറഞ്ഞായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. എന്നിട്ടും വെള്ളാപ്പള്ളിയുടെ പേരുപോലും പരാമർശിക്കാതെ ‘ജാഗ്രത പാലിച്ചുള്ള’ പ്രസ്താവനയാണ് സി.പി.എം സെക്രട്ടേറിയറ്റ് പുറത്തിറക്കിയത്.

‘കേരളത്തിന്‍റെ മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടൽ ആരിൽ നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലർത്തണം. മതങ്ങളുടെ സാരം ഏകമെന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിന്‍റെ പ്രശ്നങ്ങൾ ആർക്കും അവതരിപ്പിക്കാം. എന്നാൽ അത് മതവൈര്യമുണ്ടാക്കുന്ന തരത്തിലാവരുത്’ എന്നായിരുന്നു സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന.

Tags:    
News Summary - V Muraleedharan supports Vellappally Natesan on Communal Remark, says his remark is social reality of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.