സംസ്ഥാനത്തെ ഗുരുതര സാഹചര്യം മറച്ചുവച്ചാണ് മുഖ്യമന്ത്രി മുഖാമുഖം എന്ന അശ്ലീലനാടകം നടത്തുതെന്ന് വി.ഡി സതീശൻ

ഇടുക്കി: സംസ്ഥാനത്തെ ഗുരുതര സാഹചര്യം മറച്ചുവച്ചാണ് മുഖ്യമന്ത്രി മുഖാമുഖം എന്ന അശ്ലീലനാടകം നടത്തുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സപ്ലൈകോയിലെ സാധനങ്ങളുടെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചാല്‍ പൊതുവിപണിയില്‍ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റമുണ്ടാക്കും.

അരി ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില കൂട്ടാനുള്ള വാതിലാണ് സര്‍ക്കാര്‍ തുറന്ന് കൊടുത്തിരിക്കുന്നത്. ജനങ്ങളെ പീഡിപ്പിക്കുകയാണ്. കഴിഞ്ഞ ബജറ്റിനും ഈ ബജറ്റിനും ഇടയില്‍ രണ്ട് തവണ വൈദ്യുതി ചാര്‍ജും വെള്ളക്കരവും കെട്ടിട നികുതിയും ഇന്ധന നികുതിയും സേവന നിരക്കുകളും വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് ജീവിക്കാനാകാത്ത അവസ്ഥയാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. ഇതിനിടയിലാണ് ഇടിത്തീ പോലെ നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിപ്പിച്ചത്. ഗുരുതരമായ വിലക്കയറ്റത്തിലും സര്‍ക്കാരിന് നിസംഗതയാണ്.

ആശുപത്രിയില്‍ മരുന്ന് ഉണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മരുന്നില്ലെന്ന് കാട്ടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കത്ത് നല്‍കിയതിനെ കുറിച്ച് മന്ത്രിക്ക് എന്താണ് പറയാനുള്ളത്. കാരുണ്യ കാര്‍ഡ് ഒരു ആശുപത്രികളും സ്വീകരിക്കുന്നില്ല. 1500 കോടിയോളം രൂപയാണ് ആശുപത്രികള്‍ക്ക് നല്‍കാനുള്ളത്. ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജനങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് സതീശൻ ചോദിച്ചു.

സപ്ലൈകോയില്‍ ഒരു സാധനങ്ങളും ഇല്ലെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്ന് സാധനങ്ങള്‍ കൊണ്ടു വെക്കുകയല്ല സര്‍ക്കാര്‍ ചെയ്തത്, ഒഴിഞ്ഞ റാക്കുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകരെ കയറ്റരുതെന്ന ഉത്തരവാണ് ഇറക്കിയത്. എന്തെല്ലാം തലതിരിഞ്ഞ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്? ടെന്‍ഡറില്‍ കരാറുകാര്‍ ആരും പങ്കെടുക്കുന്നില്ല. ഇതെല്ലാം മറച്ചുവച്ചാണ് മുഖ്യമന്ത്രി മുഖാമുഖം നടത്തുന്നത്. കോണ്‍ഗ്രസ് നടത്തുന്ന ജനകീയ ചര്‍ച്ചാ സദസില്‍ ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം.

സങ്കടങ്ങളും വിഷമങ്ങളും പറയാം. ഞങ്ങളെ വിമര്‍ശിക്കുകയും ചെയ്യാം. മുന്‍കൂട്ടി നിശ്ചയിച്ച ആളുകള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച ചോദ്യങ്ങള്‍ നല്‍കിയാണ് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളും യുവജനങ്ങളുമായി മുഖാമുഖം നടത്തിയത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചോദ്യങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തി. എന്തിനാണ് ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കുന്നത്? മന്ത്രിമാര്‍ നടത്തിയ താലൂക്ക് അദാലത്തില്‍ ലഭിച്ച നിവേദനങ്ങള്‍ തുറന്നു നോക്കാതെ സെക്രട്ടേറിയറ്റില്‍ കെട്ടിവച്ച ശേഷമാണ് നവകേരള സദസ് നടത്തിയത്.

പഞ്ചായത്തിലും ഓഫീസിലും അന്വേഷിക്കണമെന്ന മറുപടിയാണ് നവകേരള സദസില്‍ പരാതി നല്‍കിയവര്‍ക്ക് കിട്ടിയത്. എന്നിട്ടാണ് ബ്രേക്ക് ഫാസ്റ്റ് പരിപാടി പോരാഞ്ഞ് ഇപ്പോള്‍ മുഖാമുഖവുമായി ഇറങ്ങിയിരിക്കുന്നത്. ഇത് സര്‍ക്കാര്‍ കാട്ടുന്ന അശ്ലീലനാടകമാണെന്നും സതീശൻ പറഞ്ഞു. 

Tags:    
News Summary - V. D. Satheesan said that the Chief Minister will stage the obscene drama "Mukhamukham" by hiding the serious situation in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.