കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പുക ഉയർന്ന സംഭവം ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വിഭാഗം അന്വേഷിക്കും. പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും അന്വേഷണത്തിന് പുറമേയാണ് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ അന്വേഷണം. പുക ഉയർന്ന അത്യാഹിത വിഭാഗം രാത്രിയോടെ പൊലീസ് അടച്ച് സീൽ ചെയ്തിട്ടുണ്ട്.
പുതിയ ആശുപത്രി കെട്ടിടമായതിനാൽ ഇവിടെയുള്ള ഉപകരണങ്ങളും ആധുനിക സംവിധാനത്തോടെയുള്ളതാണ്. അതിനാൽ യു.പി.എസിൽനിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായത് എങ്ങനെയെന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്. ഫോറൻസിക് വിഭാഗം ശനിയാഴ്ച സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തും. അഗ്നിരക്ഷാ സംഘവും ഇവിടെ പരിശോധന നടത്തും. പുക ഉയർന്നപ്പോൾ പൊട്ടിത്തെറി ശബ്ദമുണ്ടായിരുന്നതായി രോഗികളും ഡോക്ടർമാരും പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചും അന്വേഷിക്കും. മെഡിക്കൽ കോളജ് അസി. കമീഷണർ എ. ഉമേഷിന്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം.
അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ജനറൽ ആശുപത്രിയിൽ സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ബീച്ച് ആശുപത്രിയിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചതായി ജില്ല കലക്ടർ അറിയിച്ചു. ഹെൽപ് ഡെസ്ക് നമ്പർ- 7356657221.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.