വ്യവസായിക്ക് അധോലോക ഭീഷണി:ബായാർ സ്വദേശികളായ രണ്ടുയുവാക്കൾ പിടിയിൽ

മഞ്ചേശ്വരം: ബന്തിയോട് മുട്ടം സ്വദേശിയും തലപ്പാടിയിലെ ബാര്‍ ഉടമയുമായ ശ്രീധര ഷെട്ടി(67)യെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടു പേർ പൊലീസ് വലയിലായി. കേസിലെ യഥാർത്ഥ പ്രതികളെ സഹായിച്ച രണ്ടു പേരാണ് വലയിലായത്. ബാറുടമയുടെ വീട്ടിലെത്താൻ ഉപയോഗിച്ച കാസർകോട് സ്വദേശിയുടെ കാർ തിരിച്ചേൽപ്പിക്കാൻ സഹായിച്ചവരാണ് ഇരുവരും എന്ന് പൊലീസ് കരുതുന്നു. ബായാർ മുളിഗദ്ധേ സ്വദേശി ആബിദ് (22 ),സുങ്കതകട്ടെ സ്വദേശി ഇബ്രാഹിം ഖലീൽ (23 ) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.ഇവരെ ചോദ്യം ചെയ്തതിൽ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ട സംഭവത്തിലെ പ്രധാനികളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

മംഗളൂരു കേന്ദ്രീകരിച്ച് അധോലോക പ്രവര്‍ത്തനം നടത്തുന്ന കലിയോഗേഷിന്റെ സംഘത്തില്‍പ്പെട്ടവരാണ് ഭീഷണിക്ക് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം.കാലിയോഗിഷിന്റെ അധോലോക പ്രവർത്തനത്തിന് കേരളത്തിലെ പ്രധാനിയായ ബായാർ സുങ്കതകട്ടയിലെ അലിയാണ് പദ്ധതി പ്ലാൻ ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.ഇയാളെ പിടികൂടാൻ കഴിഞ്ഞാലേ കേസിലെ പൂർണ വിവരം ലഭിക്കുകയുള്ളു.സംഭവത്തോടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത അലി കർണാടകയിലേക്ക് കടന്നതായാണ് വിവരം. ബാങ്കോക്കില്‍ നിന്നാണെന്ന് പറഞ്ഞ് ബാറുടമയെ ഒരുമാസമായി അധോലോക സംഘം പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിരുന്നു.ഇതിനു തയ്യാറാവാത്തതിനാൽ മാർച്ച് മൂന്നാം തീയതിയാണ് ആദ്യം ഈ സംഘം വ്യവസായിയുടെ വീട്ടിലേക്ക് തോക്കുമായി എത്തിയത്.എന്നാൽ ഈ സംഭവത്തിൽ പരാതി നൽകാൻ വീട്ടുക്കാർ തയ്യാറായിരുന്നില്ല.

ഇതിനു ശേഷം കഴിഞ്ഞ ദിവസം വീണ്ടും ഈ സംഘം തോക്കുമായി വീണ്ടും ഭീഷണിയുമായി എത്തുകയായിരുന്നു.ഭീഷണിപ്പെടുത്തലിനു ശേഷം ഇവർ എത്തിയ സ്വിഫ്റ്റ് കാറിൽ തിരിച്ചു പോയശേഷം കാറെടുക്കാൻ ബൈക്കിൽ എത്തിയപ്പോഴാണ് രണ്ടുയുവാക്കളെ കാസറഗോഡ് സി.ഐ റഹീം പിടികൂടിയത്.ഇവരെ പിന്നീട് കേസന്വേഷിക്കുന്ന കുമ്പള സി.ഐ വി.വി മനോജിന് കൈമാറുകയായിരുന്നു.ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കേസിലെ നിർണായക വിവരങ്ങൾ മനസിലാക്കിയ അന്വേഷണ സംഘം, അധോലോക സംഘത്തിലെ നേരത്തെ പ്രധാനിയായിരുന്നു കാലിയ റഫീഖിന്റെ കൂട്ടാളികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും ചെയ്തു.

മുത്തലിബ് കൊലക്കേസ് പ്രതികളായ സുങ്കതകട്ടെ സ്വദേശിയേയും,ഉപ്പള സ്വദേശിയെയുമാണ് കസ്റ്റഡിയിലെടുത്തത്.ചോദ്യം ചെയ്ത ശേഷം പിന്നീട് ഇവരെ വിട്ടയച്ചു.പൊലീസ് പിടിയിലായ ബായാർ സ്വദേശികളായ രണ്ടു യുവാക്കളെ നാളെയുടെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന.ഭീഷണിപ്പെടുത്താൻ എത്തിയ സംഘത്തിന് സഹായം ചെയ്തു എന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.തങ്ങളെ വാഹനം കൊണ്ട് വരാൻ അയച്ചത് സുങ്കതകട്ടെ അലി ആണെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.

അതിനിടെ, ശ്രീധര ഷെട്ടിയുടെ വീട്ടിൽ സ്ഥാപിച്ച സി സി ക്യാമറയിൽ നിന്നും പ്രതികളെ കുറിച്ചുള്ള ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്.അന്വേഷണത്തിൽ ഇവർ കർണാടക സ്വദേശികളാണെന്നാണ് വ്യക്തമായത്.സി സി ക്യാമറ ഘടിപ്പിച്ച മെക്കാനിക്കിനെ വരുത്തി വെള്ളിയാഴ്ച ക്യാമറയിലെ മുഴുവൻ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. സി സി ടി വി യിലെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ബേവിഞ്ചയിൽ കരാറുകാരനോട് പണം ആവശ്യപ്പെടുകയും,വിസമ്മതിച്ചതിനു ഇദ്ദേഹത്തിന്റെ വീടിനു നേരെ വെടിവെക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയാണ് പൊലീസ് അന്വേഷിക്കുന്ന സുങ്കതകട്ടെ അലി.ഇയാളെ ഉടനെ പിടികൂടാൻ സാധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസന്വേഷണത്തിന് കുമ്പള സി ഐ വി വി മനോജിന്റെ മേൽനോട്ടത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും രംഗത്തുണ്ട്.

 

Tags:    
News Summary - Uppala underworld activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.