പുതുതലമുറ യു.ഡി.എഫിൽ വിശ്വാസമർപ്പിച്ചെന്ന് സാദിഖലി തങ്ങൾ; ‘ഇടതു മുന്നണിയിൽ അതൃപ്​തരായവർ സഹകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്​’

കോഴിക്കോട്​: മുന്നണി അടിത്തറ വിപുലപ്പെടുത്തുമെന്നും യു.ഡി.എഫിനോട്​ സഹകരിക്കാൻ താൽപര്യമുള്ളവരെ ചേർത്തു നിർത്തുമെന്നും മുസ്​ലിം ലീഗ് സംസ്ഥാന​ അധ്യക്ഷൻ സാദിഖലി തങ്ങൾ. യു.ഡി.എഫ് വിപുലീകരണം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണിയിൽ അതൃപ്​തരായവർ യു.ഡി.എഫുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്​. ഇവരുടെയെല്ലാം കാര്യം യു.ഡി.എഫ്​ ചർച്ച ചെയ്ത്​ തീരുമാനിക്കുമെന്നും തങ്ങൾ​ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ്​ തദ്ദേശഫലം. ഇടത്​ ഭരണത്തോടുള്ള എതിർപ്പ്​ ശക്തമാണ്​. പുതുതലമുറ യു.ഡി.എഫിൽ വിശ്വാസമർപ്പിച്ചെന്ന്​ വ്യക്തമായതായും തങ്ങൾ കൂട്ടിച്ചേർത്തു.

അതേസമയം, യു.ഡി.എഫ് അടിത്തറ വിപുലീകരിക്കുന്നതിന് ആരുടെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഉചിതമായ സമയത്ത് തീരുമാനം എടുക്കാന്‍ കഴിവുള്ള നേതൃത്വം യു.ഡി.എഫിനുണ്ട്. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി യു.ഡി.എഫ് മാറി. അടിത്തറ വിപുലീകരിച്ച് കുറേക്കൂടി ശക്തമായ യു.ഡി.എഫായിരിക്കും നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്ലയിലാണ്. അതിന് കോട്ടയത്തെ ജനങ്ങളോട് നന്ദി പറയുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിന് നടപടിക്രമമുണ്ട്. യു.ഡി.എഫ് കക്ഷികളുമായി ബന്ധപ്പെട്ടുള്ളത് മുന്നണി ജില്ലാ നേതൃത്വം തീരുമാനിക്കും. അതിനുള്ള മാനദണ്ഡം യു.ഡി.എഫ് നേതൃത്വം ജില്ലാ ഘടകങ്ങള്‍ക്ക് നല്‍കും. കോണ്‍ഗ്രസില്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത് കെ.പി.സി.സിയാണ്. അതു സംബന്ധിച്ച മാനദണ്ഡങ്ങളും അടുത്ത ദിവസം തന്നെ നല്‍കും. അതനുസരിച്ച് കെ.പി.സി.സിയും ഡി.സി.സിയും നിയോഗിക്കുന്ന നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കും. അല്ലാതെ സോഷ്യല്‍ മീഡിയ അല്ല തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരെ തീരുമാനിക്കുന്നത്.

യു.ഡി.എഫ് ആരുമായും ഇപ്പോള്‍ ഒരു ചര്‍ച്ചയും നടത്തുന്നില്ല. യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും. കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്. അതിനും അപ്പുറത്തേക്കുള്ള, മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി യു.ഡി.എഫ് മാറുകയാണ്. ഈ പൊളിറ്റിക്കല്‍ പ്ലാറ്റ് ഫോം എന്താണെന്ന് പലര്‍ക്കും ബോധ്യമാകാത്തതു കൊണ്ടാണ് പല കണക്കുകൂട്ടലുകാര്‍ക്കും രണ്ടും രണ്ടും കൂട്ടിയപ്പോള്‍ നാല് കിട്ടിയത്. യു.ഡി.എഫ് എന്ന പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം ഉള്ളതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ യു.ഡി.എഫ് വലിയ വിജയം നേടിയത്. കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണിക്ക് അപ്പുറത്ത് ഒരുപാട് വിഭാഗം ജനങ്ങളെയും ഒപ്പീനിയന്‍ മേക്കേഴ്‌സും ഉള്‍പ്പെടെയുള്ളവരെ ഉള്‍ക്കൊള്ളുന്ന വിശാലമായ പ്ലാറ്റ്‌ഫോമാണ് യു.ഡി.എഫ്. അടിത്തറ വിപുലീകരിച്ച് കുറേക്കൂടി ശക്തമായ യു.ഡി.എഫായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ് നേരിടുന്നത്.

ആരുടെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. അതൊക്കെ രാഷ്ട്രീയ തീരുമാനമാണ്. കോണ്‍ഗ്രസിലേക്ക് ഒരാളെ കൊണ്ടു വരാന്‍ കെ.പി.സി.സിയാണ് തീരുമാനിക്കേണ്ടത്. യു.ഡി.എഫിലേക്ക് ആരെയെങ്കിലും കൊണ്ടുവരുന്നത് യു.ഡി.എഫ് നേതൃത്വം തീരുമാനിക്കും. ഉചിതമായ സമയത്ത് തീരുമാനം എടുക്കാന്‍ പറ്റുന്ന നേതൃത്വം യു.ഡി.എഫിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയിച്ചെന്നു കരുതി എല്ലാം ആയെന്ന് യു.ഡി.എഫ് കരുതുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തിലേക്ക് എത്താന്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യണം.

യു.ഡി.എഫിലെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും അവരെ ഏല്‍പ്പിച്ച ഉത്തരവാദിത്തം നന്നായി ചെയ്തതു കൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. നിയമസഭാ തെരഞ്ഞെടെപ്പില്‍ ഇപ്പോള്‍ ചെയ്തതിനെക്കാള്‍ വലിയ ജോലിയാണ് അവരെ ഏല്‍പ്പിക്കാന്‍ പോകുന്നത്. അത് അവര്‍ ഭംഗിയായി ചെയ്യുമെന്ന ആത്മവിശ്വാസമുണ്ട്. മുന്നണിയുടെ അടിത്തറ പല രീതിയില്‍ വിപുലീകരിക്കും. അതില്‍ ചിലപ്പോള്‍ എല്‍.ഡി.എഫിലെയും എന്‍.ഡി.എയിലെയും ഘടകകക്ഷികളുണ്ടാകും. ഇതിലൊന്നും പെടാത്തവരും ഉണ്ടാകും. അതൊക്കെ കാത്തിരുന്ന് കാണം. ഇതൊക്കെ ഇപ്പോഴെ പറഞ്ഞാല്‍ സസ്‌പെന്‍സ് പോകുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    
News Summary - Sadik Ali Shihab Thangal says the new generation has placed its trust in the UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.