തണ്ടർ ബോൾട്ട്-മാവോവാദി ഏറ്റുമുട്ടൽ: ഉണ്ണിമായയും ചന്ദ്രുവും പൊലീസ് കസ്റ്റഡിയിൽ

മാനന്തവാടി: വയനാട്ടിൽ പൊലീസും തണ്ടർബോൾട്ടും ചേർന്ന് പിടികൂടിയ രണ്ടു മാവോവാദികളെ പൊലീസ് കസ്റ്റഡിയിൽവിട്ടു. ചൊവ്വാഴ്ച രാത്രി പേര്യ ചപ്പാരത്ത് സ്വദേശിയുടെ വീട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. രണ്ടുപേർ രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശിയായ ചന്ദ്രു, കർണാടക സ്വദേശിനി ഉണ്ണിമായ എന്ന ശ്രീമതി എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് കൽപറ്റ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇവരെ അഞ്ചുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

കർണാടക സ്വദേശികളായ ലത, സുന്ദരി എന്നിവരാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ഇവർക്കൊപ്പം താടിവെച്ച പുരുഷൻകൂടി ഉണ്ടെന്നാണ് സൂചന. എന്നാൽ, പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മാവോവാദികളുടേതെന്ന് കരുതുന്ന മൂന്ന് തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. എ.കെ 47, തദ്ദേശീയമായി നിർമിച്ച രണ്ട് റൈഫിളുകൾ എന്നിവ പിടിച്ചെടുത്തതായി ഉത്തരമേഖല എ.ഡി.ജി.പി എം.ആർ. അജിത് കുമാർ അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിൽ മാവോവാദി സംഘമെത്തിയത്. ഇവർ മൂന്ന് തോക്കുകൾ പുറത്തുവെച്ച ശേഷം അകത്തുകയറി മൊബൈൽ ഫോൺ ചാർജ് ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനിടെ തണ്ടർബോൾട്ടും പ്രത്യേക ദൗത്യസേനയും വീടുവളയുകയായിരുന്നു. തുടർന്ന് മാവോവാദികൾ വീട്ടിനുള്ളിൽനിന്ന് രണ്ടുതവണ ചുമരിലേക്ക് നിറയൊഴിച്ചു. രണ്ടുപേർ ഓടി രക്ഷപ്പെടുകയും ചെയ്തു.

തോക്ക് കേടായതോടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചന്ദ്രുവിനെയും ഉണ്ണിമായയെയും പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. രാത്രിയിൽതന്നെ ഇവരെ കൽപറ്റ എ.ആർ ക്യാമ്പിൽ എത്തിച്ചു ചോദ്യം ചെയ്തു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴും ജില്ല പൊലീസ് ആസ്ഥാനത്ത് എത്തിച്ചപ്പോഴും ഇരുവരും മാവോവാദി അനുകൂല മുദ്രാവാക്യം മുഴക്കി.

പിടികൂടിയത് സ്പെഷൽ ഓപറേഷനിലൂടെ

-എ.ഡി.ജി.പി

കല്പറ്റ: മാവോവാദികളെ കണ്ടെത്തുന്നതിന് ഒരുമാസമായി സ്പെഷൽ ഓപറേഷൻ നടത്തിവരുകയായിരുന്നുവെന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രഹസ്യ നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് പേര്യയിൽ മാവോവാദി സംഘത്തെ വളഞ്ഞത്. പിടികൂടിയവർക്ക് പരിക്കില്ല. രക്ഷപ്പെട്ട രണ്ടുപേരെ പിടികൂടുന്നതിന് വിവിധ വിഭാഗങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിവരുകയാണ്.

കൊയിലാണ്ടിയിൽനിന്ന് കഴിഞ്ഞദിവസം പിടികൂടിയ ഈറോഡ് സ്വദേശിക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ട്. വയനാട്, കോഴിക്കോട്, കണ്ണൂർ മേഖലകൾ കേന്ദ്രീകരിച്ചാണ് സ്പെഷൽ ഓപറേഷൻ നടത്തുന്നതെന്നും എ.ഡി.ജി.പി പറഞ്ഞു.

പ്രവേശനം നിഷേധിച്ച് പൊലീസ്

മാനന്തവാടി: മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായ വീടും പരിസരവും ചൊവ്വാഴ്ച രാത്രി പൊലീസ് വലയത്തിലാക്കി. ബുധനാഴ്ചയും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പ്രവേശനം നിഷേധിച്ചു. രക്ഷപ്പെട്ടവർക്കായി മൂന്ന് വിഭാഗമായി പ്രദേശത്ത് തിരച്ചിൽ നടത്തിവരുകയാണ്.

ബുധനാഴ്ച രാവിലെ ജില്ല പൊലീസ് മേധാവി സ്ഥലം സന്ദർശിച്ചു. എറണാകുളത്തുനിന്നുള്ള ബാലിസ്റ്റിക് മിസൈൽ വിദഗ്ധർ വൈകീട്ടോടെ സ്ഥലത്തെത്തി പരിശോധന നടത്തി. ഉത്തരമേഖല എഡി.ജി.പി എം.ആർ. അജിത്കുമാർ ജില്ലയിലെത്തി സ്ഥിതിഗതി വിലയിരുത്തി.

കബനി ദളത്തിലുള്ളവരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.

Tags:    
News Summary - Unnimaya and Chandru in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.