എറണാകുളം കലൂരിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്.എച്ച് 66 ഉൾപ്പെടെ
പദ്ധതികളുടെ ഉദ്ഘാടനം സ്വിച്ച് ഓൺ ചെയ്ത് നിർവഹിക്കുന്നു
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കേരളത്തിന് നിരാശ. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കാൻ മോദി എത്തിയത് വെറുംകൈയ്യോടെ.
കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ 10,800 കോടി രൂപയുടെ കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് മേദി നിർവഹിച്ചത്. കേന്ദ്രസർക്കാർ കേരളത്തിൽ നടപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രബജറ്റിൽ അടിസ്ഥാനസൗകര്യ വികസനത്തിന് റെക്കോഡ് തുകയാണ് നീക്കിവെച്ചത്. ഇതിന്‍റെ ഗുണം കേരളത്തിനും ലഭിക്കും. ഉദ്ഘാടനം ചെയ്യപ്പെടുന്ന മികച്ച റോഡുകൾ ചരക്കുനീക്കം സുഗമമാക്കുമെന്നും ഇത് കർഷകർക്കും വ്യവസായങ്ങൾക്കും ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
5,500 കോടി രൂപ ചെലവിൽ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂനിറ്റ്, കൊല്ലം വെസ്റ്റ് കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതി, എൻ.എച്ച്-66 ആറുവരി ദേശീയപാതയുടെ ഭാഗമായ തലപ്പാടി-ചെങ്കള സെക്ഷൻ, വെങ്ങളം മുതൽ രാമനാട്ടുകരവരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിർമിച്ച 23 ഗ്രാമീണ റോഡുകൾ, അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾ, ഷൊർണൂർ-നിലമ്പൂർ റോഡ് റെയിൽപാത വൈദ്യുതീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. ഇതോടൊപ്പം പാലക്കാട്-പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവിസിന്‍റെ ഫ്ലാഗ് ഓഫും നർവഹിച്ചു.
‘മേയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികളുടെ വിജയത്തിൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂനിറ്റ് നിർണായക പങ്ക് വഹിക്കുമെന്ന് മോദി പറഞ്ഞു. ലേകത്തെതന്നെ വലിയ ഉൽപാദന ഹബ്ബായി വളർന്നുവരുന്ന ഇന്ത്യക്ക് ആവശ്യമായ ഹരിതഊർജ ലഭ്യത കൊല്ലം വെസ്റ്റ് കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതി ഉറപ്പുവരുത്തും. കായലും തടാകങ്ങളും ഏറെയുള്ള കേരളത്തിൽ ഫ്ലോട്ടിങ് സോളാർ പദ്ധതികൾക്ക് ഏറെ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സ്വാഗതം പറഞ്ഞു. ഗവർണർ വിശ്വനാഥ് ആർലേക്കർ, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, ഹൈബി ഈഡൻ എം.പി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.