കേരളത്തോട് എന്തിനീ വിവേചനം?; എയിംസ് വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഹൈകോടതി

കൊച്ചി: കേരളത്തിൽ എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ എന്തു തീരുമാനമാണെടുത്തതെന്ന് വ്യക്തമാക്കണമെന്ന് ഹൈകോടതി. കേരളം നൽകിയ ശിപാർശയുടെ സ്ഥിതി ഇപ്പോൾ എന്താണ്, എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് എന്ന നയപരിപാടി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ കേരളത്തിന് അനുവദിക്കാത്തതെന്താണ്, എയിംസ് അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ എന്താണ് തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം നൽകാൻ കേന്ദ്രത്തോട് നിർദേശിച്ച ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി രണ്ടാഴ്ചക്കു ശേഷം പരിഗണിക്കാൻ മാറ്റി.

എയിംസ് സ്ഥാപിക്കാൻ പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് അനുവദിക്കുകയെന്നത് കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപിത നയമായിട്ടും 10 വർഷത്തിലേറെയായി കേരളത്തിന്‍റെ കാര്യത്തിൽ നടപടിയില്ലാത്തത് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ചു. എയിംസ് അനുവദിക്കുന്നത് കേന്ദ്രസർക്കാറിന്‍റെ നയതീരുമാനത്തിന്‍റെ ഭാഗമാണെന്നും കേരളത്തിൽ അനുവദിക്കുന്നതിൽ ഇതുവരെ കേന്ദ്രമന്ത്രിസഭയുടെ തീരുമാനമുണ്ടായിട്ടില്ലെന്നും ബുധനാഴ്ച രാവിലെ കേസ് പരിഗണിക്കവേ ഓൺലൈനിൽ ഹാജരായ കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി അങ്കിത മിശ്ര കോടതിയെ അറിയിച്ചു. അതിനാൽ സാധ്യതാ പഠനം നടത്താനാകില്ലെന്നും വിശദീകരിച്ചു.

എയിംസിനായി 2016ൽ കേരളം നാല് സ്ഥലങ്ങൾ നിർദേശിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. കോഴിക്കോട് കിനാലൂരിലെ സ്ഥലം കേന്ദ്ര മാർഗരേഖക്ക് അനുസൃതമായുള്ളതാണെന്ന് ചൂണ്ടിക്കാട്ടി 2025 മേയിൽ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു. ഓരോ വർഷവും എയിംസ് സംബന്ധിച്ച് കേന്ദ്രവുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാറും അറിയിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തോട് വിവേചനമെന്ന് കോടതി ചോദിച്ചു.

ഇതിനകം 22 സംസ്ഥാനങ്ങളിൽ എംയിംസ് അനുവദിച്ചെന്നും ഇതിൽ 18 എണ്ണത്തിന്‍റെ പ്രവർത്തനം തുടങ്ങിയെന്നും അങ്കിത മിശ്ര വ്യക്തമാക്കി. നാലെണ്ണത്തിന്‍റെ നിർമാണം നടക്കുകയാണ്. ഇതിനുശേഷമായിരിക്കും പുതിയവ അനുവദിക്കുന്നതിൽ തീരുമാനമുണ്ടാവുക. എയിംസ് സ്ഥാപിക്കാൻ 1,000 കോടിയോളം രൂപ ചെലവ് വരും. അതിനാലാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം വേണ്ടതെന്ന് അവർ വ്യക്തമാക്കി. എയിംസിനുവേണ്ടി സംസ്ഥാന സർക്കാർ കണ്ടെത്തിയ ഭൂമി അനുയോജ്യമാണോയെന്ന കാര്യത്തിൽ നടത്തിയ പഠന റിപ്പോർട്ട് എവിടെയെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. സാധ്യതപഠനത്തിന്‍റെ ഫലമെന്താണ്? പഠനറിപ്പോർട്ട് ഹാജരാക്കാത്തതെന്താണെന്നും കോടതി ചോദിച്ചു. തുടർന്ന് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ.എം. ശാലീനയോട് കേന്ദ്രത്തിനുവേണ്ടി ഹാജരാകാൻ നിർദേശിച്ച കോടതി, ഹരജി വീണ്ടും ഉച്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.

ഉച്ചക്കുശേഷം ഹരജി പരിഗണിക്കവേ, സംസ്ഥാന സർക്കാറിന്‍റെ ചില അനാസ്ഥകൾ ചൂണ്ടിക്കാട്ടാൻ ഡി.എസ്.ജി ശ്രമിച്ചെങ്കിലും ഇക്കാര്യത്തിൽ സംസ്ഥാനം നിരന്തരം കേന്ദ്രവുമായി ബന്ധപ്പെടുകയും മറ്റു നടപടികൾക്ക് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തതായി കോടതി വ്യക്തമാക്കി. കേരളത്തിന് എയിംസ് ലഭിക്കാൻ എത്രനാൾ കാത്തിരിക്കണമെന്ന് കോടതി ചോദിച്ചു. ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത് ജനങ്ങൾക്കാണ്.

സംസ്ഥാനത്ത് എവിടെ അനുവദിക്കുമെന്നതിലല്ല, അനുവദിക്കുന്നുണ്ടോ എന്നതിലാണ് വ്യക്തത വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, തുടർന്നാണ് ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തി സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകിയത്. ഡി.എസ്.ജി സമയം തേടിയതിനെ തുടർന്ന് രണ്ടാഴ്ച അനുവദിക്കുകയായിരുന്നു. അതേസമയം, ഹരജിയിൽ ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി മുഖേന സത്യവാങ്മൂലം സമർപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - High Court criticizes the Center on the AIIMS issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.