തിരുവനന്തപുരം: ഭരണത്തുടർച്ചക്ക് പിന്നാലെ ‘പവർ ഹാട്രിക്’ ലക്ഷ്യമിടുന്ന സി.പി.എം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ഒരു മണിക്കൂറിനകം സ്ഥാനാർഥികളെ അവതരിപ്പിക്കാനാകുമെന്ന ആത്മവിശ്വാസത്തിൽ. ആലപ്പുഴയിൽ ജി. സുധാകരനും പാലക്കാട്ട് പി.കെ. ശശിയും ഉയർത്തുന്ന വെല്ലുവിളികൾ ഒരുഭാഗത്ത് കനക്കുമ്പോഴും പട്ടിക അന്തിമമാക്കി തെരഞ്ഞെടുപ്പിലേക്ക് ചുവടൂന്നുകയാണ് പാർട്ടിയും മുന്നണിയും.
കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തെ വികസന കാഴ്ചപ്പാടുകൾ ഉൾക്കൊള്ളിച്ചുള്ള പ്രകടനപത്രിക അണിയറയിൽ ഒരുങ്ങി. മുഖ്യമന്ത്രിക്ക് പുറമെ നിലവിലെ 10 മന്ത്രിമാർ മത്സരരംഗത്തുണ്ടാകും. പി. രാജീവ് (കളമശ്ശേരി), കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), വി.എൻ. വാസവൻ (ഏറ്റുമാനൂർ), സജി ചെറിയാൻ (ചെങ്ങന്നൂർ), എം.ബി. രാജേഷ് (തൃത്താല), പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ), വീണാ ജോർജ് (ആറന്മുള), ആർ. ബിന്ദു (ഇരിങ്ങാലക്കുട), ഒ.ആർ. കേളു (മാനന്തവാടി), വി. ശിവൻകുട്ടി (നേമം) എന്നിങ്ങനെയാണ് മന്ത്രിമാരുടെ മത്സര ചിത്രം.
മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മണലൂരിലും കെ.എൻ. ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലും മത്സരിക്കും. പാലക്കാട് സീറ്റിൽ പറഞ്ഞുകേട്ടത് പി. സരിന്‍റെ പേരായിരുന്നെങ്കിലും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. എതിർസ്ഥാനാർഥി ആരെന്നറിഞ്ഞശേഷമാകും സരിന്‍റെ കാര്യത്തിലെ തീരുമാനം. സ്പീക്കർ എ.എൻ. ഷംസീർ, എം. സ്വരാജ്, എം.എം. മണി, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ രംഗത്തുണ്ടാകില്ല.ഘടകകക്ഷികളുമായുള്ള സി.പി.എമ്മിന്‍റെ ഉഭയകക്ഷി ചർച്ചയിൽ ഇനി തീരുമാനമാകാനുള്ളത് കേരള കോൺഗ്രസുമായുള്ള സീറ്റ് ധാരണയാണ്. കുറ്റ്യാടിക്ക് പകരം മലയോര മേഖലയിലെ സീറ്റുകളിലൊന്ന് നൽകാനാണ് എൽ.ഡി.എഫിലെ ഒടുവിലെ ധാരണ. കുറ്റ്യാടി സി.പി.എം ഉറപ്പിച്ച സാഹചര്യത്തിലും മാണി കോൺഗ്രസ് കണ്ണുവെച്ച പേരാമ്പ്രയിൽ മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിലുമാണ് ഒത്തുതീർപ്പ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.