തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 85 മുതൽ 90 വരെ സീറ്റുകളിൽ മത്സരിക്കും. കഴിഞ്ഞതവണ 93 സീറ്റുകളിലാണ് മത്സരിച്ചത്. ഡൽഹിയിൽ നടന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ 60 സീറ്റുകളിലെ പേരുകൾക്ക് അംഗീകാരം നൽകിയെന്നാണ് വിവരം.
തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഏതാനും സീറ്റുകളിലാണ് ഇനി തീരുമാനമാകാനുള്ളത്. മുതിർന്ന നേതാക്കൾ സ്ഥാനാർഥി പട്ടികയിലുള്ളതിനാൽ വിശദ ചർച്ചകൾ വേണമെന്നത് കൊണ്ടാണ് തിരുവനന്തപുരത്തെ ചില മണ്ഡലങ്ങളിൽ തീരുമാനം വൈകുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള ധാരണ നീളുന്നതാണ് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പട്ടിക വൈകാൻ കാരണം. ജി. സുധാകരന്‍റെ നിലപാട് പ്രതീക്ഷിക്കുന്നത് ആലപ്പുഴയിലെ പട്ടിക വൈകിപ്പിക്കുന്നു.
തിരുവനന്തപുരം സീറ്റിനായി രംഗത്തുണ്ടായിരുന്ന വി.എസ്. ശിവകുമാറിന്‍റെ പേര് അരുവിക്കരയിലാണ് പരിഗണിക്കുന്നത്. ഘടകകക്ഷിയായ സി.എം.പിക്ക് നൽകിയ തിരുവനന്തപുരം സീറ്റിൽ സി.പി. ജോൺ മത്സരിക്കുമെന്നാണ് ഇതുവരെയുള്ള ധാരണ. ഹൈകമാൻഡ് വിയോജിപ്പറിയിച്ചിട്ടും ഈഴവ പ്രാതിനിധ്യം പിടിവള്ളിയാക്കിയാണ് അടൂർ പ്രകാശിന്‍റെ സീറ്റിനയുള്ള നീക്കങ്ങൾ. കെ.പി.സി.സി നേതൃത്വം ഇതിന് എതിരാണെങ്കിലും കെ.സി. വേണുഗോപാൽ വിഭാഗം ഇക്കാര്യത്തിൽ അൽപം അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്.
എം.പിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന കീഴ്വഴക്കം മാറിക്കിട്ടുന്നത് ഭാവിയിലെ കെ.സിയുടെ കടന്നുവരവിന് വഴിയൊരുക്കുമെന്നതാണ് ഇതിന് കാരണമെന്ന് കോൺഗ്രസിലെ ഒരുവിഭാഗം പറയുന്നു. കോന്നിയിലാണ് അടൂർ പ്രകാശിന്‍റെ നോട്ടം. കെ.ടി. ജലീൽ മത്സരിക്കുന്ന തവനൂരിൽ സന്ദീപ് വാര്യരുടെ പേരാണ് യു.ഡി.എഫ് ക്യാമ്പ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.