ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തി എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ പൊന്നാടയണിക്കുന്നു

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉന്നതരുമായി അടുത്ത ബന്ധം, ചിത്രങ്ങൾ പുറത്ത്

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉന്നതരുമായുള്ള അടുത്തബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ, എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ ചിത്രങ്ങൾ കാട്ടി ഇയാൾ തട്ടിപ്പ് നടത്തിയോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

ശബരിമലയില്‍ പൊലീസ് വാഹനത്തിനായി ഇടനില നിന്നതും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. പ്രമുഖ ജ്വല്ലറിയിൽനിന്ന് പണം കൈപ്പറ്റി ഇടനില നിന്ന് ഗൂർഖ ജീപ്പാണ് വാങ്ങിനല്‍കിയത്. വാഹനത്തിന്‍റെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറാനെത്തിയതും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ഒരുമാസം മുമ്പാണ് സംഭവം. ഇതേദിവസം പൊലീസ് ആസ്ഥാനത്തെത്തി എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ പൊന്നാട അണിയിച്ചു. വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കൊപ്പമാണ് ഇദ്ദേഹം പൊലീസ് ആസ്ഥാനത്ത് എത്തിയത്.

ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കത്ത് നൽകിയത് ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി നടത്താൻ സഹായം തേടി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സമീപിച്ചത് ദേവസ്വം ബോർഡ്. ഇവർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇതിനുള്ള ചെലവ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഏറ്റെടുത്തത്. അറ്റകുറ്റപ്പണികളുടെ ചെലവ് എടുക്കാൻ കഴിയുമോയെന്ന് ചോദിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഈ ആഗസ്റ്റിലാണ് ദേവസ്വം ബോർഡ് കത്തുനൽകിയത്.

ദേവസ്വം ബോർഡ് യോഗതീരുമാനത്തിന്‍റെ ഭാഗമായി ആഗസ്റ്റ് 23നാണ് തിരുവാഭരണ കമീഷണർ കത്തയച്ചത്. ബംഗളൂരുവിലെ മേൽവിലാസത്തിലാണ് കത്തയച്ചിരിക്കുന്നത്. ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾക്ക് അറ്റകുറ്റപ്പണി ആവശ്യമുണ്ടെന്നും ചെന്നൈയിൽ അത് എത്തിച്ചുതരാമെന്നുമാണ് കത്തിൽ പറയുന്നത്. ചെലവ് വഹിക്കാൻ തയാറുണ്ടോയെന്നും ഇതിൽ ആരായുന്നു. ശ്രീകോവിലിന്റെ കതകും കട്ടിളയും ലക്ഷ്മീരൂപവും കമാനവും അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. അത് സന്നിധാനത്ത് ചെയ്യാം. ഇതിന്റെയെല്ലാം ചെലവ് ഏറ്റെടുക്കാൻ സാധിക്കുമോയെന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയോട് കത്തിൽ ചോദിക്കുന്നത്. 25ന് ഉണ്ണിക്കൃഷ്ണൻ പോറ്റി മറുപടിക്കത്തും ദേവസ്വം ബോർഡിന് നൽകി.

എല്ലാത്തിന്റെയും ചെലവ് താൻ ഏറ്റെടുത്തോളാം എന്നായിരുന്നു മറുപടി. ശുദ്ധിക്രിയകൾക്കുള്ള പണവും താൻ ഏറ്റെടുത്തോളാമെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് നൽകിയ മറുപടിയിൽ പറയുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞമാസം ഏഴിന് സ്വർണപ്പാളികൾ ദേവസ്വംബോർഡ് ചെന്നൈയിലേക്ക് കൊണ്ടുപോയത്.

നാല് പാളികളിൽ മാത്രമായിരുന്നു അറ്റകുറ്റപ്പണി നടത്തിയത്. 19.4 ഗ്രാം സ്വര്‍ണമാണ് ഉപയോഗിച്ചത്. ഈ ചെലവാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി വഹിച്ചത്. 40 വര്‍ഷത്തെ ഗ്യാരന്‍റിയുള്ളതിനാൽ സൗജന്യമായിട്ടായിരുന്നു കമ്പനി ജോലികൾ ചെയ്തുനൽകിയത്. 2019ല്‍ 397 ഗ്രാം സ്വർണമായിരുന്നു പൂശാൻ ഉപയോഗിച്ചത്. അതേസമയം, ഗ്യാരന്‍റിയുള്ളതിനാലാണ് 2019ല്‍ സ്വർണം പൂശി നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ തന്നെ അറ്റകുറ്റപ്പണി നടത്താനായി സമീപിച്ചതെന്നാണ് ദേവസ്വംബോർഡിന്‍റെ വിശദീകരണം.

Tags:    
News Summary - Unnikrishnan Potty has close ties with elite people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.