ആമ്പല്ലൂർ/കൊടകര (തൃശൂർ): നാടിനെ നടുക്കിയ നവജാത ശിശുക്കളുടെ കൊലപാതകത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി. അറസ്റ്റിലായ കമിതാക്കളുടെ വീട്ടുപറമ്പുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു കുഞ്ഞുങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. മറ്റത്തൂർ നൂലുവെള്ളി സ്വദേശിനി അനീഷ (22), ആമ്പല്ലൂർ ചേനക്കാല സ്വദേശി ഭവിൻ (25) എന്നിവരുമായി വെവ്വേറെ നടത്തിയ തെളിവെടുപ്പിലാണ് ആദ്യത്തെ കുഞ്ഞിന്റെ അസ്ഥിക്കഷണങ്ങൾ അനീഷയുടെ വീട്ടുവളപ്പിൽനിന്നും രണ്ടാമത്തെ കുഞ്ഞിന്റേത് ഭവിന്റെ വീടിനടുത്തുള്ള തോട്ടിൽനിന്നും കണ്ടെടുത്തത്.
ഇരിങ്ങാലക്കുട ആർ.ഡി.ഒ പി. ഷിബുവിന്റെയും ചാലക്കുടി ഡിവൈ.എസ്.പി ബിജുകുമാറിന്റെയും സാന്നിധ്യത്തിൽ, മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. എ.കെ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അന്വേഷണസംഘം വൻ പൊലീസ് സന്നാഹത്തോടെ അനീഷയുടെ നൂലുവെള്ളിയിലെ വീട്ടിലെത്തിയത്. അനീഷയെയും സ്ഥലത്ത് എത്തിച്ചിരുന്നെങ്കിലും ജനരോഷം കണക്കിലെടുത്ത് വാഹനത്തിൽനിന്ന് പുറത്തിറക്കിയില്ല.
ഞായറാഴ്ച രാത്രി നടത്തിയ ചോദ്യംചെയ്യലിൽ കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം അനീഷ പൊലീസിന് കാണിച്ചുകൊടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ വീടിന്റെ ഇടതുവശത്തുള്ള ഒഴിഞ്ഞ പറമ്പിൽ മണ്ണുമാന്തി ഒന്നര മണിക്കൂറോളം നടത്തിയ പരിശോധനയിലാണ്, 2021ൽ കൊല്ലപ്പെട്ട ആദ്യത്തെ കുഞ്ഞിന്റേതെന്ന് കരുതുന്ന അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തത്. രണ്ടാം പ്രതിയായ ഭവിന്റെ ആമ്പല്ലൂരിലുള്ള വീട്ടുവളപ്പിലായിരുന്നു ഉച്ചക്കുശേഷം തെളിവെടുപ്പ്. വീടിനോട് ചേർന്ന തോട്ടിൽ നടത്തിയ തിരച്ചിലിൽ 2024ൽ കൊലപ്പെടുത്തിയ രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങളും ഫോറൻസിക് സംഘം കണ്ടെടുത്തു. കണ്ടെത്തിയ അസ്ഥികൾ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടേതുതന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി വിശദമായ ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്ന് ഡിവൈ.എസ്.പി ബിജുകുമാർ അറിയിച്ചു.
ശേഖരിച്ച സാമ്പിളുകൾ പോസ്റ്റ്‌മോർട്ടത്തിനും ഡി.എൻ.എ പരിശോധനക്കുമായി അയക്കും. 2020ൽ പ്രണയത്തിലായ തങ്ങൾക്കുണ്ടായ രണ്ടു കുഞ്ഞുങ്ങളെയും പ്രസവശേഷം കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. 2021 നവംബർ ആറിന് ആദ്യ കുഞ്ഞിനെ പ്രസവിച്ചപ്പോൾത്തന്നെ ശ്വാസം മുട്ടിച്ചുകൊന്നശേഷം മൃതദേഹം വീടിനോട് ചേർന്ന മാവിൻചുവട്ടിൽ കുഴിച്ചിട്ടു എന്ന് അനീഷ മൊഴിനൽകിയത് അനുസരിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. രണ്ടാമത്തെ കുഞ്ഞിനെ 2024ൽ പ്രസവിച്ചയുടൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭവിന് കൈമാറിയെന്നും ഇവർ സമ്മതിച്ചിട്ടുണ്ട്.
എന്നാൽ, അനീഷ രണ്ടുതവണ ഗർഭിണിയായതും പ്രസവിച്ചതും കൊലപാതകങ്ങൾ നടത്തിയതും വീട്ടുകാരോ അയൽക്കാരോ അറിഞ്ഞില്ലെന്ന മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ശനിയാഴ്ചയാണ് കുഞ്ഞിന്റെ അസ്ഥിക്കഷണങ്ങളുമായി ഭവിൻ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇതോടെയാണ് കേരളത്തെ ഞെട്ടിച്ച കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്. വൈദ്യപരിശോധനകൾക്കുശേഷം തിങ്കളാഴ്ച വൈകീട്ട് ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയ പ്രതികളെ, കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.