അർത്തുങ്കൽ: ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. അർത്തുങ്കൽ ഹാർബറിന് സമീപം പുരുഷന്‍റെ മൃതദേഹമാണ് തീരത്തടിഞ്ഞത്. മൃതദേഹം തീപിടിച്ച സിംഗപ്പൂർ കപ്പലിലെ കാണാതായ ജീവനക്കാരന്‍റേതാണോ എന്ന് സംശയം.
തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. അഴുകിയ നിലയിലായ മൃതദേഹം തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തേണ്ടതുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോസ്റ്റൽ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്.
ജൂൺ ഒമ്പതിന് കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പൽ വാൻഹായ് 503ലാണ് വൻ സ്ഫോടനത്തോടെ തീപിടിച്ചത്. അഴീക്കലിനും ബേപ്പൂരിനുമിടയിൽ അന്തർദേശീയ കപ്പൽ പാതയിലാണ് അപകടം. കപ്പലിൽ 620 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്.
ചൈന മ്യാന്മാര്‍, ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരായ 22 തൊഴിലാളികളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ കടലിൽ ചാടി രക്ഷപ്പെട്ട 18 ജീവനക്കാരെ ഇന്ത്യൻ നാവികസേന കരക്കെത്തിച്ചു. എന്നാൽ, നാലുപേർ കടലിൽ മുങ്ങിപ്പോയിരുന്നു. യു ബോ-ഫോങ്, സാൻ വിൻ, സെയ്നൽ അബിദിൻ, ഹ്സി ചിയ-വെൻ എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസം കണ്ണൂർ തീരത്ത് തീപിടിച്ച സിംഗപ്പൂർ ചരക്കുകപ്പൽ വാൻഹായിയിലെ ലൈഫ് ബോട്ടും ഗ്യാസ് ടാങ്കും അമ്പലപ്പുഴ തീരത്ത് രണ്ടിടങ്ങളിൽ അടിഞ്ഞു. ലൈഫ് ബോട്ട് അടിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ടാങ്ക് അടിഞ്ഞത്.
പുന്നപ്ര അറപ്പപ്പൊഴി കടൽതീരത്ത് ഞായറാഴ്ച രാത്രിയോടെയാണ് ലൈഫ് ബോട്ട് തീരത്തടിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ച പത്ത് കിലോ മീറ്റർ തെക്ക് വളഞ്ഞവഴി തീരത്ത് വെള്ള നിറത്തിലുള്ള ഗ്യാസ് ടാങ്കും അടിഞ്ഞു. തീരത്തടിഞ്ഞ ലൈഫ് ബോട്ടും ഗ്യാസ് ടാങ്കും കൊല്ലം പോർട്ടിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.