മലപ്പുറം: ന്യൂനപക്ഷങ്ങൾ കൂടുതലുള്ള ജില്ലകളിലും നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, കുടിവെള്ള പദ്ധതികൾ തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ 12 ജില്ലകൾക്ക് കേന്ദ്ര ഫണ്ട്. ഇതിൽ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെട്ടത് മലപ്പുറത്താണ്. വിവിധ ജില്ലകളിലായി 43 നഗരങ്ങളും വില്ലേജുകളും ഇടം പിടിച്ചപ്പോൾ 25 എണ്ണവും മലപ്പുറത്തു നിന്നാണ്. സംസ്ഥാനത്ത് 23 ബ്ലോക്കുകളും ഫണ്ടിന് അർഹതയുള്ളവയുടെ പട്ടികയിലുണ്ട്. മൊത്തം ജനസംഖ്യയിൽ 25 ശതമാനത്തിൽ കൂടുതൽ ന്യൂനപക്ഷങ്ങളുള്ള പ്രദേശങ്ങളെയാണ് തെരഞ്ഞെടുത്തത്.
ന്യൂനപക്ഷങ്ങൾ കൂടുതലുള്ള ജില്ല ആസ്ഥാനങ്ങൾ, പട്ടണങ്ങൾ, വില്ലേജുകൾ എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് സഹായം നൽകുക. ജില്ല ആസ്ഥാനങ്ങളുടെ പട്ടികയിൽ വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം എന്നിവയാണ് ഇടം പിടിച്ചത്. 1320 കോടി രൂപയാണ് പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം (പി.എം.ജെ.വി.കെ) പദ്ധതിയുടെ കീഴിൽ വിവിധ സംസ്ഥാനങ്ങൾക്കായി ഇൗ വർഷം അനുവദിച്ചിരിക്കുന്നത്.
അടുത്ത വർഷം ഇത് 1452 കോടി രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകാരമുള്ള ഏജൻസികൾക്കും സന്നദ്ധ സംഘടനകൾക്കും പദ്ധതി സമർപ്പിക്കാം. 80 ശതമാനം തുകയും വിദ്യാഭ്യാസ, ആരോഗ്യ മേഖലക്കാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ഫണ്ടുപയോഗിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ നടത്താനാവും. http://www.minorityaffairs.gov.in വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.