ജോറായി ജയിച്ച് ഉമ...; പി.ടിയുടെ പിൻഗാമിയായി സഭയിലേക്ക്....

കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റിൽ, പി.ടി. തോമസിന്‍റെ മണ്ഡലത്തിൽ, ജയം അനിവാര്യം തന്നെയായിരുന്നു ഉമക്ക്. അതുവരെ പി.ടി. തോമസിന്‍റെ പിന്നിൽനിന്ന് പ്രവർത്തിച്ച ഉമ തോമസിനെ കോൺഗ്രസ് രംഗത്തിറക്കിയപ്പോൾ അത് നിയോഗം പോലെയായി അവർക്ക്. ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് പി.ടിയെ സ്നേഹിച്ചവര്‍ക്ക് ഇടയിലേക്ക് ഇറങ്ങുകയായിരുന്നു ഉമ.


പി.ടി. തോമസിന്‍റെ ഭാര്യയെന്ന നിലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നില്ല ഇത്രയും കാലം ഉമ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പി.ടി. തോമസിനൊപ്പം മണ്ഡലത്തില്‍ സജീവമാകുന്നതായിരുന്നു ഉമയുടെ രീതി. പി.ടി. തോമസിനൊപ്പം പാട്ടുപാടി തെരഞ്ഞെടുപ്പ് വേദികളിൽ പണ്ടേ ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എറണാകുളം സ്വദേശിനി എന്ന നിലയിലും മൂന്നു പതിറ്റാണ്ടായി മണ്ഡലത്തിലെ സ്ഥിര താമസക്കാരി എന്ന നിലയിലും ജനങ്ങൾക്ക് സുപരിചിതയായിരുന്നു.

56 കാരിയായ ഉമ ബി.എസ്.സി സുവോളജി ബിരുദധാരിയാണ്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ഫിനാൻസ് അസിസ്റ്റന്‍റ് മാനേജരാണ്.


കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. എറണാകുളം മഹാരാജാസ് കോളജിലാണ് വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നത്. 1980 - 85 കാലയളവിൽ പ്രീഡിഗ്രി, ഡിഗ്രി പഠനകാലത്തായിരുന്നു ഇത്. 1982 ൽ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിൽ വനിത പ്രതിനിധിയായി വിജയിച്ചു. 1984 ൽ കോളജ് യൂനിയൻ വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു.

മഹാരാജാസിൽ വിദ്യാർഥി രാഷ്ട്രീയത്തിൽ ഉമ സജീവമായിരിക്കെ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നു പി.ടി. തോമസ്. ക്രിസ്തുമത വിശ്വാസിയായ പി.ടി. തോമസും ബ്രാഹ്മണ കുടുംബാംഗമായ ഉമയും അക്കാലത്താണ് പ്രണയത്തിലായത്. 1987 ജൂലൈ ഒമ്പതിന് വിവാഹം. വിവാഹത്തോടെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.


കുടുംബം: മൂത്തമകൻ ഡോ. വിഷ്ണു തോമസ് തൊടുപുഴ അൽ അസ്ഹർ ഡെന്റൽ കോളജിലെ അസി. പ്രഫസർ. ഇളയമകൻ വിവേക് തോമസ് തൃശൂർ ഗവ. ലോ കോളജിൽ നിയമ വിദ്യാർഥി. മരുമകൾ ബിന്ദു അബി തമ്പാൻ ആലുവയിൽ ഡെന്റൽ ഡോക്ടറാണ്.

Tags:    
News Summary - Uma Thomas wins Thrikkakara By Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.