തിരുവനന്തപുരം: കോളജ് പ്രിൻസിപ്പൽ നിയമനകാലാവധി അഞ്ച് വർഷമാക്കി യു.ജി.സി ചട്ടത്തിൽ ഭേദഗതി. ഇക്കാലത്തെ പ്രകടനം വിലയിരുത്തി അഞ്ച് വർഷംകൂടി സമയം അനുവദിക്കാനും വ്യവസ്ഥയുണ്ട്. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറങ്ങി. പ്രിൻസിപ്പൽ നിയമനം ലഭിച്ചവർ വിരമിക്കുന്നതുവരെ തുടരുന്നതാണ് നിലവിലെ രീതി. സർവകലാശാല നിശ്ചയിക്കുന്ന വിദഗ്ധ സമിതിയാകണം പ്രിൻസിപ്പൽമാരുടെ പ്രകടനം വിലയിരുത്തേണ്ടത്. പ്രിൻസിപ്പൽ തസ്തികയിലെ കാലാവധി പൂർത്തിയായാൽ മാതൃസ്ഥാപനത്തിൽ പ്രഫസർ റാങ്കിലോ തത്തുല്യ തസ്തികയിലോ തിരികെ പ്രവേശിക്കാം.
പിഎച്ച്.ഡി ബിരുദവും കോളജ്/ സർവകലാശാല/ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിൽ അസി. പ്രഫസർ/ അസോ. പ്രഫസർ തസ്തികയിൽ കുറഞ്ഞത് 15 വർഷം പരിചയമുള്ളവരെ മാത്രമേ പ്രിൻസിപ്പൽ തസ്തികയിലേക്ക് പരിഗണിക്കാവൂ. യു.ജി.സി പട്ടികയിൽ ഉൾെപ്പട്ട ജേണലുകളിൽ പത്ത് ഗവേഷണ പ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിക്കണം. ഗവേഷണ സ്കോർ 110 എങ്കിലും ഉണ്ടാകണം. ൈവസ് പ്രിൻസിപ്പൽ തസ്തികക്കും കാലാവധി നിശ്ചയിച്ചിട്ടുണ്ട്. പ്രിൻസിപ്പലിെൻറ ശിപാർശയിൽ കോളജ് ഗവേണിങ് ബോഡിക്ക് മുതിർന്ന അധ്യാപകനെ രണ്ട് വർഷ കാലാവധിയിൽ വൈസ് പ്രിൻസിപ്പലായി നിയമിക്കാം.
സർവകലാശാലകളിലും കോളജുകളിലും അസി. പ്രഫസർ, അസോ. പ്രഫസർ, പ്രഫസർ നിയമനത്തിന് പഴയ യോഗ്യതകൾ നിലനിർത്തി. അസി. പ്രഫസർ തസ്തികയിലേക്ക് 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റും ഉണ്ടാകണം. 2009 ജൂലൈ 11ന് മുമ്പ് എം.ഫിൽ/ പിഎച്ച്.ഡി കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് നെറ്റ് യോഗ്യതയിൽ ഇളവുണ്ട്. ഇവർ റെഗുലർ പഠനത്തിലൂടെ പിഎച്ച്.ഡി പൂർത്തിയാക്കിയിരിക്കണം. പിഎച്ച്.ഡി പ്രബന്ധം സർവകലാശാലക്ക് പുറത്തുനിന്നുള്ള രണ്ടുപേരെങ്കിലും പരിശോധിക്കണം. ഒാപൺ പിഎച്ച്.ഡി വൈവ നടത്തിയിരിക്കണം.
അംഗീകൃത ജേണലുകളിൽ രണ്ട് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണം. സർവകലാശാലകളിൽ അസി. പ്രഫസർ തസ്തികയിൽ നിയമനത്തിന് 2021 ജൂലൈ ഒന്നിനുശേഷം പിഎച്ച്.ഡി നിർബന്ധമായിരിക്കും. അസോ. പ്രഫസർ നിയമനത്തിന് എട്ട് വർഷത്തെ അധ്യാപന/ ഗവേഷണ പരിചയവും പിഎച്ച്.ഡിയും നിർബന്ധമാണ്. സർവകലാശാലകളിൽ അനുവദിക്കപ്പെട്ട പ്രഫസർ തസ്തികയിൽ പത്ത് ശതമാനം വരെ സീനിയർ പ്രഫസർ തസ്തികയാക്കാം. ഇതിലേക്ക് നേരിട്ട് നിയമനം നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.