മലപ്പുറം: ഇടതുമുന്നണിയെ നിലംപരിശാക്കി മലപ്പുറത്ത് യു.ഡി.എഫിന്റെ തേരോട്ടം. 16 സീറ്റും യു.ഡി.എഫ് തൂത്തുവാരിയപ്പോൾ 1987ന് ശേഷം ഇടതുമുന്നണി ജില്ലയിൽ വീണ്ടും സംപൂജ്യരായി. സിറ്റിങ് സീറ്റുകളായ പൊന്നാനിയും തവനൂരും താനൂരും യു.ഡി.എഫിന്റെ കുത്തൊഴുക്കിൽ ഇടതിന് നഷ്ടപ്പെട്ടു. മന്ത്രി വി. അബ്ദുറഹിമാന് തിരൂരിലും മുൻ മന്ത്രി ഡോ. കെ.ടി. ജലീലിന് തവനൂരിലും അടിതെറ്റി. മുസ്‍ലിം ലീഗ് വിട്ടയാളെ സ്ഥാനാർഥിയാക്കി മങ്കടയിലുൾപ്പെടെ സി.പി.എം നടത്തിയ പരീക്ഷണങ്ങളും പാളി.
മത്സരിച്ച 12 സീറ്റിലും മുസ്‍ലിം ലീഗ് മിന്നും വിജയം നേടി. വൻ ഭൂരിപക്ഷത്തിലാണ് വിജയം. ജില്ലയിൽ ചരിത്രത്തിലാദ്യമായി കോൺഗ്രസ് നാല് സീറ്റ് നേടി. സി.പി.എം ഒന്നാകെ കടപുഴകിയപ്പോൾ മൂന്ന് സീറ്റിൽ മത്സരിച്ച സി.പി.ഐയും നിലംതൊട്ടില്ല. രണ്ട് പതിറ്റാണ്ടായി സി.പി.എമ്മിനോടൊപ്പം നിന്ന പൊന്നാനി, വഖഫ് ബോർഡ് മുൻ ചെയർമാൻ അഡ്വ. എം.കെ. സക്കീറിനെ തോൽപിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. നൗഷാദലിയിലൂടെ തിരിച്ചുപിടിച്ചു.
തവനൂരിൽ മണ്ഡലം രൂപവത്കരിച്ച 2011 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് ഹാട്രിക് നേടിയ കെ.ടി. ജലീൽ 14,647 വോട്ടുകൾക്കാണ് മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയിയോട് അടിയറവ് പറഞ്ഞത്. 2006ൽ കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെ തോൽപിച്ച് തുടങ്ങിയ കെ.ടി. ജലീലിന്റെ വിജയയാത്രക്കാണ് ഇതോടെ അന്ത്യമായത്. 2016ൽ ലീഗിന് നഷ്ടപ്പെട്ട താനൂർ എം.എസ്.എഫ് നേതാവ് പി.കെ. നവാസിലൂടെ തിരിച്ചുപിടിച്ചു.
മുസ്‍ലിം ലീഗിലെ പ്രമുഖർ മത്സരിച്ചുജയിച്ച ചരിത്രമുള്ള താനൂർ എൽ.ഡി.എഫിലെ വി. അബ്ദുറഹിമാനാണ് 2016ൽ പിടിച്ചെടുത്തത്. രണ്ടുതവണ വിജയം സമ്മാനിച്ച താനൂരിനെ വിട്ട് ചേക്കേറിയ തിരൂർ വി. അബ്ദുറഹിമാനെ കൈവിട്ടു. കുറുക്കോളി മൊയ്തീനാണ് ഈ സീറ്റ് നിലനിർത്തിയത്. 2025ലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുപിടിച്ച നിലമ്പൂരിൽ 54,851 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. 85327 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തേരോട്ടം. കൊണ്ടോട്ടിയിലും മഞ്ചേരിയിലും വള്ളിക്കുന്നിലും തിരൂരങ്ങാടിയിലും മുസ്‍ലിം ലീഗിന് അര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.