തിരുവനന്തപുരം: രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട് ക്വാറന്റീനിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ലെന്നും നിപ നിയന്ത്രണവിധേയമായെന്നും ആരോഗ്യവകുപ്പ്. പുതുതായി ആരെയും നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇതുവരെ പരിശോധിച്ച എല്ലാവരുടെയും സാമ്പിൾ ഫലം നെഗറ്റീവാണ്. രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവരിൽ നാലുപേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ടവരും 14 പേർ ഉയർന്ന റിസ്ക്ക് വിഭാഗത്തിൽപെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ടവരുമാണ്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുന്നു.
രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ 49 വീടുകൾകൂടി ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. സംശയനിവാരണത്തിന് ജില്ല കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽനിന്ന് 91 ഫോൺവിളികളെത്തി. സമ്പർക്കപ്പട്ടികയിലുൾപ്പെട്ട എല്ലാവരെയും ജില്ല കൺട്രോൾ റൂമിൽനിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു.
ഏഴുപേർക്ക് ഷിഗല്ലെ; ഒരു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ലെ ബാധിച്ച് ഒരു മരണം. കോഴിക്കോട് സ്വദേശിനിയായ മധ്യവയസ്കയാണ് മരിച്ചത്. ഏഴ് ഷിഗല്ലെബാധകൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, തിരുവനന്തപുരം -രണ്ടുവീതം, തൃശൂർ, മലപ്പുറം, വയനാട് -ഒന്നുവീതം എന്നിങ്ങനെയാണ് രോഗബാധ. ജൂണിൽ 140 രോഗബാധയും ആറു മരണവുമുണ്ടായി. ഈ വർഷം ഇതുവരെ 216 പേർക്ക് ഷിഗല്ലെ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.