‘ഇന്നലെ പരിശോധനയിൽ കണ്ട കാഴ്ച! ഈച്ചകളുടെ സമ്മേളനം, ചിക്കനിലെ നിറം, ചുവന്ന പെയിന്റ് പോലെ എണ്ണ, കാലംകഴിഞ്ഞ ഫ്രോസൺ ചിക്കൻ...’

കോഴിക്കോട്: ഹോട്ടലുകളിലും മറ്റും നടത്തിയ പരിശോധനയിൽ കണ്ട ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പങ്കുവെച്ച് കോഴിക്കോട് ഭക്ഷ്യ സുരക്ഷ വകുപ്പ് അസി. കമ്മീഷണർ. ഒരു സ്ഥാപനത്തിൽ കടന്നപ്പോൾ, ഒരു നിമിഷം ഇത് ഭക്ഷ്യസ്ഥാപനമോ, ഈച്ചകളുടെ സമ്മേളനമോ എന്ന് തോന്നിപ്പോയതായി കുറിപ്പിൽ പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. നാദാപുരം കല്ലാച്ചിയിൽ നടത്തിയ പരിശോധനയിലാണ് അറപ്പുളവാക്കുന്ന ഈ രംഗങ്ങൾ.

മഴക്കാലത്ത് ഈച്ചകൾ കൂടുതലാകാം, അതൊരു യാഥാർത്ഥ്യമാണ്. പക്ഷേ “മഴയായതുകൊണ്ടാണ്” എന്ന മറുപടി മാത്രം മതിയാകില്ലെന്നും ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ കട അടക്കേണ്ടിവരുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

പാകം ചെയ്ത ചിക്കനിലെ അമിതമായ കൃത്രിമ നിറങ്ങളാണ് മറ്റൊരു പ്രശ്നം. ചില ഭക്ഷ്യവസ്തുക്കളിലെ നിറം കണ്ടപ്പോൾ, “ഇത് മസാലയോ, പെയിന്റ് ഷേഡ് കാർഡോ?” എന്ന് പോലും തോന്നിയതായി കുറിപ്പിൽ പറയുന്നു. സിന്തറ്റിക് നിറങ്ങൾ ശരീരത്തിന് യാതൊരു ഗുണവും നൽകുന്നില്ല; മറിച്ച് ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽ ഇത്തരത്തിലുള്ള നിറങ്ങളുടെ ഉപയോഗം ഒഴിവാക്കണം.

അതോടൊപ്പം, പലതവണ ചൂടാക്കി വീണ്ടും വീണ്ടും ഉപയോഗിച്ച എണ്ണയും കണ്ടെത്തി. സിന്തറ്റിക് നിറങ്ങൾ കലർന്ന ഭക്ഷണം അതേ എണ്ണയിൽ വീണ്ടും പൊരിക്കുമ്പോൾ, എണ്ണയുടെ നിറം തന്നെ ചുവന്ന പെയിന്റ് കലർത്തിയതുപോലെ മാറുന്നു. ഇത്തരം എണ്ണയുടെ ഉപയോഗം ആരോഗ്യത്തിന് ഗൗരവമായ അപകടങ്ങൾ സൃഷ്ടിക്കും.

ഫ്രോസൺ ചിക്കന്റെ തെറ്റായ കൈകാര്യമാണ് മറ്റൊരു പ്രശ്നം. കല്ലാച്ചിയിലെ ഒരുസ്ഥാപനത്തിൽനിന്ന് 36 കിലോഗ്രാം പഴകിയ ചിക്കനാണ് ഇവർ പിടികൂടി നശിപ്പിച്ചത്. ഫ്രോസൺ ചിക്കൻ അനുവദനീയവും സുരക്ഷിതവുമാണ് - പക്ഷേ ഒരു നിബന്ധനയോടെ: അത് −18°C താപനിലയിൽ ശരിയായി സൂക്ഷിക്കണം. യന്ത്രസഹായത്തോടെ ശുചിത്വപരമായി പ്രോസസ് ചെയ്ത് സീൽ ചെയ്ത ഇത്തരം ഉൽപ്പന്നങ്ങളുടെ ഗുണമേന്മ നിലനിൽക്കുന്നത് ശരിയായ ഹാൻഡ്ലിംഗിനെ ആശ്രയിച്ചാണ്. പക്ഷേ നാദാപുരം സർക്കിളിലെ പരിശോധനയിൽ, കൃത്യമായി സൂക്ഷിക്കാത്തതും expiry date കഴിഞ്ഞതുമായ ഫ്രോസൺ ചിക്കൻ കണ്ടെത്തി. ന്യൂനതകൾ കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നിയമാനുസൃതമായ നടപടികൾ സ്വീകരിച്ചതായും കമീഷണർ അറിയിച്ചു.

ഇന്നത്തെ പരിശോധനയിൽ കടലുണ്ടി വട്ടപ്പറമ്പിൽ പ്രവർത്തിക്കുന്ന Apsons സ്വീറ്റ്സ് ആൻഡ് ഫ്രൂട്ട്സ് സ്ഥാപനത്തിൽ നിന്ന് 68 പാക്കറ്റ് കാലാവധി കഴിഞ്ഞ ബേക്കറി ഉൽപ്പന്നങ്ങളും, പൂപ്പൽ ബാധിച്ച ഏകദേശം 7 കിലോഗ്രാം കേക്കും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി പിടിച്ചെടുത്ത് നശിപ്പിച്ചു. ബേപ്പൂർ ഫുഡ്‌ സേഫ്റ്റി ഓഫീസർ ഷംസിയയാണ് നടപടി സ്വീകരിച്ചത്.

ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനാൽ സ്ഥാപനം അടച്ചുപൂട്ടുകയും ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം തുടർനിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഷിഗല്ല ബാധിത മേഖലയായ കോഴിക്കോട് ജില്ലയിൽ പരിശോധനകൾ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ, പൊതുജനങ്ങളിൽ നിന്നുള്ള പരാതികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളും ഗൗരവമായി പരിഗണിച്ച് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ചിലപ്പോഴൊക്കെ പരിശോധനയ്ക്ക് വിധേയമാകുന്ന സ്ഥാപനങ്ങളുടെ പേരുകൾ സാമൂഹ്യമാധ്യമ പോസ്റ്റുകളിൽ ഉൾപ്പെടുത്തുന്നില്ലെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്തുന്നത് ആവർത്തന സ്വഭാവം, പൊതുജനാരോഗ്യത്തിന് ഉണ്ടാകാവുന്ന ആഘാതം, ബോധപൂർവമായ നിയമലംഘനങ്ങൾ എന്നിവ പരിഗണിച്ചാണ് തീരുമാനിക്കുന്നത്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന വിഷയങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ജനശ്രദ്ധയിൽപ്പെടുത്തുമെന്നും അസി. കമീഷണർ അറിയിച്ചു. 

Full View


Tags:    
News Summary - Fly gathering, discolored chicken, oil like red paint, expired frozen chicken... Assistant Commissioner of Food Safety Kozhikode inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.