ഷിബു ബേബി ജോണിനെതിരായ രാഷ്ട്രീയ പകപോക്കലുകളെ ഒറ്റക്കെട്ടായി നേരിടും -യു.ഡി.എഫ് കൺവീനർ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വിപ്ലവത്തിന്റെ, ഭരണത്തിന്റെ, ആദർശത്തിന്റെ ആൾരൂപമായി നിറഞ്ഞുനിന്ന ബേബി ജോൺ എന്ന ചരിത്രപുരുഷന്റെ പാരമ്പര്യം പോലും സഹിക്കാനാകാത്ത രാഷ്ട്രീയ അസഹിഷ്ണുതയാണ് യു.ഡി.ഫ് നേതാവായ ഷിബു ബേബി ജോണിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യമാക്കി ഉയർന്നുവന്നിരിക്കുന്ന കള്ളക്കേസിന്റെ പിന്നിലെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി.

ആരെയും വഞ്ചിക്കാത്ത, പൊതുജീവിതത്തിൽ സുതാര്യതയും മാന്യതയും മൂല്യബോധവും കൈവിടാത്ത ഒരു കുടുംബത്തെ, 94 വയസ്സുള്ള അമ്മയെ വരെ പ്രതിയാക്കി, പൊലീസ് കേസിൽ വലിച്ചിഴക്കുന്നത് രാഷ്ട്രീയ പ്രതികാരത്തിന്റെ ഏറ്റവും ക്രൂരവും നിന്ദ്യവുമായ രൂപമാണ്. ഇത് വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയും, ഒരു രാഷ്ട്രീയ പാരമ്പര്യത്തെയും, കേരളത്തിന്റെ ജനാധിപത്യ മനസ്സാക്ഷിയെയും ഒറ്റയടിക്ക് ആക്രമിക്കുന്ന നീക്കമാണ്. നിയമപരമായി പരിഹരിക്കേണ്ട വിഷയങ്ങളെ ഉദ്ദേശപൂർവം ക്രിമിനൽ കേസുകളാക്കി മാറ്റുന്നത് സത്യാന്വേഷണമല്ല. സി.പി.എം ഭരണകാലത്ത് ഉയരുന്ന അഴിമതി ആരോപണങ്ങൾ, ഭരണപരാജയങ്ങൾ,

ജനവിരുദ്ധ തീരുമാനങ്ങൾ എന്നിവയിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത രാഷ്ട്രീയ ആയുധവത്കരണമാണ്. ബേബി ജോണിന്റെ ആദർശപാരമ്പര്യം കള്ളക്കേസുകൾ കൊണ്ട് തകർക്കാനാവില്ല.

യു.ഡി.ഫ് നേതാവായ ഷിബു ബേബി ജോൺ സത്യം ജനങ്ങളുടെ മുന്നിൽ ധൈര്യത്തോടെ പറയുന്ന നേതാവാണ്. കുടുംബത്തെ പോലും വലിച്ചിഴച്ച് നടത്തുന്ന ഇത്തരം രാഷ്ട്രീയ പകപോക്കലുകളെ യു.ഡി.ഫ് ഒറ്റക്കെട്ടായി നേരിടുമെന്നും അടൂർ പ്രകാശ് പറഞ്ഞു. ഷിബു ബേബി ജോണിനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്.

കുമാരപുരം സ്വദേശി കെ. അലക്‌സ് നൽകിയ പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്. അതേസമയം, തെര‍ഞ്ഞെടുപ്പ് അടുത്തുവന്നപ്പോള്‍ വന്ന കേസായിട്ടേ താന്‍ ഇതിനെ കാണുന്നുള്ളൂവെന്നും മാനനഷ്ടക്കേസ് നല്‍കുമെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. പരാതിക്കാരനെ ഇതുവരെ കണ്ടിട്ടില്ല, ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. തെരഞ്ഞെടുപ്പായപ്പോള്‍ കേസുമായി വരുന്നതിനെ ബ്ലാക്മെയിലിങ്ങയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - UDF will unitedly confront political vendettas against Shibu Baby John - UDF Convener

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.