തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ച് സംഘടിപ്പിക്കുന്ന വികസന സദസ്സിനോട് സഹകരിക്കേണ്ടതില്ലെന്ന ഘടകകക്ഷികൾക്കും ജില്ല ചെയർമാൻമാർക്കുമുള്ള കത്ത് വീണ്ടും പുറത്ത് വിട്ട് യു.ഡി.എഫ്. വികസനസദസ്സുമായി ബന്ധപ്പെട്ട് ചില ജില്ലകളിൽ ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിലാണ് നിലപാട് ആവർത്തിച്ചതെന്നാണ് സൂചന.
അധികാര വികേന്ദ്രീകരണം നടപ്പാക്കിയ ശേഷം കൃത്യമായി ഫണ്ട് നൽകാതെയും നൽകുന്ന ഫണ്ടിൽ കുറവ് വരുത്തിയും വൈകിപ്പിച്ചുമാണ് തദ്ദേശ സ്ഥാപനങ്ങളെ എൽ.ഡി.എഫ് സർക്കാർ തകർക്കുന്നതെന്ന് യു.ഡി.എഫ് ഏകോപന സമിതി അംഗങ്ങൾ, ജില്ല ചെയർമാൻമാർ, ഡി.സി.സി പ്രസിഡന്‍റുമാർ എന്നിവർക്കുള്ള കത്തിൽ കൺവീനർ അടൂർ പ്രകാശ് ചൂണ്ടിക്കാട്ടുന്നു.
മുൻപ് ഈ സർക്കാർ നടത്തിയ നവകേരള സദസ്സിന് സമാനമായി സാധാരണക്കാർ നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് ഭരണ കാലാവധി കഴിയാനിരിക്കെ വികസന സദസ്സ് നടത്തുന്നത് ധൂർത്താണ്. ഇക്കാര്യം വിശദീകരിച്ചു കൊണ്ട് നടത്തുന്ന ജില്ലാതല നേതൃയോഗങ്ങളിൽ യു.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റുമാർ, കോർപറേഷൻ- മുൻസിപ്പൽ ചെയർപേഴ്സൺ, പാർലമെന്ററി പാർട്ടി നേതാക്കൾ, യു.ഡി.എഫിന്റെ പഞ്ചായത്ത്- നിയോജകമണ്ഡലം ജില്ലാതല ഭാരവാഹികൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
പ്രചരണ യോഗങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും യു.ഡി.എഫ് കൺവീനറും കക്ഷി നേതാക്കളും പങ്കെടുക്കുമെന്നും കത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.