കൊച്ചി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. ഏത് കേഡർ പാർട്ടിയേയും തോൽപ്പിക്കാനുള്ള കരുത്ത് യു.ഡി.എഫിനുണ്ട്. അതിനുള്ള സംഘടനാവൈഭവം യു.ഡി.എഫിനുണ്ടെന്ന് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിനോടുള്ള ജനങ്ങളോടുള്ള വെറുപ്പിന്റെ ആഴം വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിനെ വേട്ടയാടാനുള്ള ശ്രമം മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായി. കൂട്ടായ്മയുടെ വിജയമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
ഏറെ വാശിയേറിയ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ തിരിച്ചു പിടിച്ച യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം നേടി. 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു. രണ്ട് തവണ കൈവിട്ട സീറ്റാണ് ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചത്.
യു.ഡി.എഫുമായി തെറ്റിപിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ 19,760 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 8,648 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 2,075 വോട്ടും പിടിച്ചു. വോട്ട് നില സംബന്ധിച്ച അന്തിമ കണക്ക് പുറത്തുവരാനുണ്ട്. മണ്ഡലത്തിലെ ആകെയുള്ള 2,32,057 വോട്ടർമാരിൽ 1,76,069 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.