കൊച്ചി: സംസ്ഥാനത്ത് എല്ലായിടത്തും യു.ഡി.എഫ് തരംഗമാണെന്നും നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാറിന് എതിരായ അതിശക്തമായ പ്രതിഷേധവും യു.ഡി.എഫിനെ കുറിച്ചുള്ള പ്രതീക്ഷകളും ജനങ്ങള്‍ക്കിടയിലുണ്ട്. യു.ഡി.എഫ് വന്നാല്‍ കേരളത്തില്‍ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങളിലുണ്ട്. തങ്ങള്‍ ഈ സര്‍ക്കാറിന് എതിരെ അവതരിപ്പിച്ച കുറ്റപത്രം ജനങ്ങള്‍ അവരുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്ത് ഈ സര്‍ക്കാരിനെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്ന ഉറച്ച വിശ്വാസമുണ്ട്. എല്ലായിടത്തും ടീം യു.ഡി.എഫായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും ആവേശകരമായ പ്രതികരണമാണ് ഉണ്ടാകുന്നത്. പോളിങ് കൂടി കഴിയുമ്പോള്‍ യു.ഡി.എഫ് കൃത്യമായി എത്ര സീറ്റില്‍ വിജയിക്കുമെന്ന് ഒന്നു കൂടി പറയാം. എതായാലും നൂറിലധികം സീറ്റില്‍ വിജയിക്കും. ഒരു ഡസണ്‍ മന്ത്രിമാര്‍ പരാജയപ്പെടും. ചിലപ്പോള്‍ ഒന്ന് കൂടുകയോ, കുറയുകയോ ചെയ്യും. അതിശക്തമായ വികാരമുണ്ട്. തിരുവനന്തപുരത്തുള്ള ഒരു സീറ്റ് എട്ട് സീറ്റുവരെയാകാം. കൊല്ലത്ത് രണ്ട് സീറ്റ് ഏഴോ എട്ടോ ആകും. ആലപ്പുഴയില്‍ രണ്ടു മൂന്ന് കാര്യങ്ങള്‍ കൂടി അസസ് ചെയ്യാനുണ്ട്. അതുകഴിഞ്ഞ് കൃത്യമായ കണക്ക് പറയാം. 30 വര്‍ഷത്തിനിടെ ജില്ല പഞ്ചായത്ത് പിടിച്ച ജില്ലയാണ് കോഴിക്കോട്. അപ്പോള്‍ തന്നെ അവിടെ വലിയ മാറ്റമാണെന്ന് മനസിലായില്ലേ? ഒരു ഡസണ്‍ മന്ത്രിമാര്‍ പരാജയപ്പെടും. കാസര്‍കോട് നിന്നും വോട്ടെണ്ണി എറണാകുളത്ത് എത്തുമ്പോഴേക്കും യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടും.
വയനാട് ഫണ്ട് പിരിവ് സംബന്ധിച്ചുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെ പുറത്ത് വിട്ടിട്ടുണ്ട്. വീട് പണിയാന്‍ കെ.പി.സി.സി ഫണ്ടില്‍ നിന്നും എ.ഐ.സി.സി ഫണ്ടില്‍ നിന്നും പണം നല്‍കും. അല്ലാതെ ഫണ്ട് കലക്ഷനുണ്ടാകില്ല. സഹായിക്കാമെന്ന് എ.ഐ.സി.സി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്തൊക്കെ നുണകളാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. പിണറായി വിജയനുള്ള എല്ലാ പരിപാടികളിലും എം.വി. ഗോവിന്ദനും ടി.പി. രാമകൃഷ്ണനും ഉണ്ടായിരുന്നോ? കോണ്‍ഗ്രസിനോടുള്ള കുത്തിത്തിരുപ്പ് ചോദ്യം പിണറായി വിജയനോട് ചോദിക്കാറില്ലല്ലോ? ചോദിച്ചാല്‍ വീട്ടില്‍ പോയി ചോദിക്കാന്‍ പറയുമെന്നും സതീശൻ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.