മലപ്പുറം: മലപ്പുറത്ത് സ്ട്രോങ് റൂം തുറക്കാൻ കലക്ടർ നിർദേശം നൽകിയതിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ കെ.പി അബ്ദുൽ മജീദ്. മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്ട്രോങ് റൂം തുറക്കാൻ നിർദേശം നൽകിയ കലക്ടർ അത്‍ വിവാദമായതോടെ ആ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഈ ഓർഡർ ഇടാൻ ആരാണ് നിർദ്ദേശം നൽകിയതെന്ന് കലക്ടർ വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദ്ദേശ പ്രകാരമാണ് കലക്ടർ ഈ ഉത്തരവിട്ടതെന്ന് ഞങ്ങൾ ബലമായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയയ അട്ടിമറിക്കാനുള്ള വലിയ ശ്രമമാണ് കലക്ടർ നടത്തിയത്. അദ്ദേഹത്തിന്റെ പേരിൽ നടപടി വേണം. വേറെ എവിടെയെങ്കിലും തുറന്നിട്ടുണ്ടെങ്കിൽ അതും കണ്ടുപിടിക്കണം. സ്ട്രോങ് റൂമിൽ ഈ സാധനം വെച്ച് ആരെ വിശ്വസിച്ചിട്ടാണ് വീട്ടിൽപോയി കിടന്നുറങ്ങുകയെന്നും അദ്ദേഹം ചോദിച്ചു.
കലക്ടർ ഇതിന്റെ സംരക്ഷകനാണെങ്കിലും ഇത് തുറക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടോ.അടുത്ത മാസം നാലാം തീയതി വോട്ട് എണ്ണുന്ന ദിനത്തിലാണ് ഇത് തുറക്കാൻ പാടുള്ളൂ. തുറക്കുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ വേണമെന്നാണ് ചട്ടം. യാതൊരു ചട്ടവും പാലിക്കാതെ മലപ്പുറം ജില്ല എന്ന് കരുതിയിട്ട് എന്ത് തോന്നിവാസം കാണിക്കുകയാണോ. ഇതിന് എന്ത് മറുപടിയാണ് സംസ്ഥാന ഗവൺമെന്റിനുള്ളത് എന്നും വ്യക്തമാക്കണം.
തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും. വോട്ട് സൂക്ഷിക്കാൻ കലക്ടർക്ക് കഴിയുന്നില്ലെങ്കിൽ രാജി വെക്കണം. ജില്ലയിൽ ഞങ്ങൾ 16ൽ 16 സീറ്റും നേടും. അതുകണ്ട് ഭയന്നാണ് ഈ കള്ളക്കളികൾ നടത്തുന്നത്. ഐക്യജനാധിപത്യ മുന്നണി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകും. അല്ലെങ്കിൽ കലക്ടർ പറയണം ആരാണ് നിർദ്ദേശം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.