പ്രതീകാത്മക ചിത്രം
കൊച്ചി: പ്രിയദർശിനി ബസ് സർവിസുകളിൽ വനിത യാത്രക്കാർക്കുള്ള ‘സീറോ ടിക്കറ്റ്’ പുരുഷ യാത്രക്കാർക്ക് നൽകി തട്ടിപ്പ്. സംഭവത്തിൽ പരാതിയുമായി പുരുഷ യാത്രക്കാർ രംഗത്തെത്തി. യാത്രക്കാർ ടിക്കറ്റ് ശ്രദ്ധിക്കാത്തതിനെ തുടർന്ന് പുരുഷൻമാർക്കും സീറോ വാല്യു ടിക്കറ്റ് നൽകിയാണ് വെട്ടിപ്പ് നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നിലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
ആലുവ -പറവൂർ റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെ തനിക്ക് കണ്ടക്ടർ സീറോ വാല്യു ടിക്കറ്റ് നൽകിയതായി തമിഴ്നാട് സ്വദേശി കെ.എസ്.ആർ.ടി.സിക്ക് നൽകിയ പരാതിയിൽ പറയുന്നു. ബസിൽനിന്ന് ഇറങ്ങിയതിന് ശേഷമാണ് തനിക്ക് ലഭിച്ചത് വനിതകൾക്ക് നൽകുന്ന സൗജന്യ ടിക്കറ്റ് ആണെന്ന് മനസിലാക്കിയതെന്നും അദ്ദേഹം പറയുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ ഓപ്പറേറ്റിങ് കൺട്രോൾ സെന്ററിലേക്ക് ഇ-മെയിൽ മുഖാന്തരം പരാതി നൽകി. ഇതോടെ നടത്തിയ അന്വേഷണത്തിൽ ബസിൽ തിരക്കായിരുന്നുവെന്നും കാഴ്ച കുറയുന്ന പ്രശ്നമുള്ളതായും താൽകാലിക ജീവനക്കാരനായ കണ്ടക്ടർ മൊഴി നൽകി. എന്നാൽ ടിക്കറ്റ് റിപ്പോർട്ടിൽ പരിശോധനയിൽ 34 യാത്രക്കാർ മാത്രമാണ് ആ സമയത്ത് ബസിൽ ഉണ്ടായിരുന്നതെന്നും വ്യക്തമായി. ഇതോടെ കണ്ടക്ടർ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന അന്വേഷണ റിപ്പോർട്ട് ഉന്നതാധികൃതർക്ക് കൈമാറിയതായാണ് വിവരം.
പൊന്നാനി ഡിപ്പോയിൽനിന്ന് പാലക്കാട്ടേക്കുള്ള ബസിൽ എട്ട് ഇതരസംസ്ഥാനക്കാരായ പുരുഷ വിനോദസഞ്ചാരികൾക്ക് വനിതാ സൗജന്യ ടിക്കറ്റ് നൽകിയ സംഭവവും വിവാദമായിരുന്നു. അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.
കൂടാതെ, എറണാകുളം-ഗുരുവായൂർ റൂട്ടിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തതായാണ് വിവരം. ടിക്കറ്റ് മാറി നൽകിയതിൽ ഒരു യാത്രക്കാരൻ പരാതി നൽകുകയും ചെയ്തു. ഒരു യാത്രക്കാരൻ തനിക്ക് ലഭിച്ചത് സൗജന്യ ടിക്കറ്റാണെന്ന് പറഞ്ഞതോടെ കണ്ടക്ടർ സീറോ വാല്യു ടിക്കറ്റ് തിരിച്ചുവാങ്ങുകയും മറ്റൊരു ടിക്കറ്റ് നൽകുകയുമായിരുന്നു. ഇതോടെ പരാതിക്കാരനും തനിക്ക് ലഭിച്ച ടിക്കറ്റ് പരിശോധിച്ചപ്പോൾ ലഭിച്ചത് സീറോ വാല്യൂ ടിക്കറ്റ് ആയിരുന്നു. കണ്ടക്ടറുടെ പെരുമാറ്റത്തിൽ സംശയംതോന്നിയതിനാൽ ബസിറങ്ങിയശേഷം കെ.എസ്.ആർ.ടി.സി. കൺട്രോൾ സെന്ററിൽ യാത്രക്കാരൻ പരാതിനൽകുകയായിരുന്നു. പരാതിയിൽ കണ്ടക്ടറുടെ ബാഗ് അധികൃതർ പരിശോധിച്ചതോടെ135 രൂപ അധികമായി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.