കോണ്‍ഗ്രസിലെ പോരിനെതിരെ ഘടകകക്ഷികളുടെ മുന്നറിയിപ്പ്

തിരുവനന്തപുരം:  കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ക്കെതിരെ യു.ഡി.എഫ് യോഗത്തില്‍ ഘടകകക്ഷികളുടെ മുന്നറിയിപ്പ്. മുന്നണിയുടെ ശക്തമായ പ്രവര്‍ത്തനത്തിന് അതിനെ നയിക്കുന്ന പാര്‍ട്ടി  നേതാക്കള്‍ക്കിടയിലെ ഭിന്നത പരിഹരിക്കണമെന്ന പൊതുവികാരമാണ് ലീഗ് ഉള്‍പ്പെടെയുള്ളവര്‍ പ്രകടിപ്പിച്ചത്.  കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമില്ലാതെ മുന്നോട്ടുപോയിട്ട് കാര്യമില്ളെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ശക്തമായ സമരവും പ്രചാരണ പരിപാടികളുമൊക്കെ വേണമെങ്കിലും മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയിലെ നേതൃനിര ഒരേസ്വരത്തില്‍ സംസാരിക്കണം. എന്നാല്‍, ഓരോരുത്തരും പല അഭിപ്രായങ്ങളാണ് പറയുന്നത്. അതിനെപ്പറ്റി മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ ഘടകകക്ഷികള്‍ അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞുപോകുന്നതിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇത്തരം ചര്‍ച്ചക്ക് തുടക്കമിടുന്നവരാണ് അതിനെപ്പറ്റി ആലോചിക്കേണ്ടത്. ശക്തമായ സമരം വേണം.

ഘടകകക്ഷികളുടെ സമരത്തിന് ആളെകിട്ടുന്നുണ്ട്. എന്നാല്‍, മുന്നണിയുടെ സമരത്തിന് ആളില്ല. കോണ്‍ഗ്രസിലെ പ്രശ്നങ്ങളോട് ശക്തമായി പ്രതികരിച്ച ജെ.ഡി.യുവിലെ വര്‍ഗീസ് ജോര്‍ജ്, ഇങ്ങനെ പറ്റില്ളെന്ന് വ്യക്തമാക്കി.  കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മുന്നണിയെയും ബാധിക്കുന്നു. അതിനാല്‍ എത്രയും വേഗം പ്രശ്നങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ്, ജെ.ഡി.യു നേതാക്കളോട് പൂര്‍ണമായും യോജിച്ച  സി.പി. ജോണ്‍, ജോണിനെല്ലൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരും കോണ്‍ഗ്രസിലെ ഭിന്നത അവസാനിപ്പിക്കണമെന്നും അങ്ങനെയല്ലാതെ മുന്നണിക്ക് മുന്നോട്ടുപോകാനാവില്ളെന്നും വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി നേതൃനിരയില്‍ ഉണ്ടാകണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു.

സമരത്തിന് ഊര്‍ജമില്ളെന്ന കെ. മുരളീധരന്‍െറ പ്രസ്താവനയെ അനുകൂലിച്ച ജോണി നെല്ലൂരിന്‍െറ പ്രതികരണം ശരിയായില്ളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.  ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും സംസാരിച്ചെങ്കിലും കോണ്‍ഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച് അവര്‍ ഒന്നും പറഞ്ഞില്ല.

Tags:    
News Summary - udf meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.