നിലമ്പൂർ: ഒരുവിധ രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്ന മുന്നണിയല്ല എൽ.ഡി.എഫ് എന്നും തെളിമയാർന്ന നിലപാടാണ് തങ്ങൾ സ്വീകരിക്കുകയെന്നും മുഖ‍്യമന്ത്രി പിണറായി വിജയൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്‍റെ പ്രചാരണ ഭാഗമായി വഴിക്കടവിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ‍്യമന്ത്രി. ഒരു വിഘടനവാദിയുടെയും വർഗീയവാദിയുടെയും പിന്തുണ ഞങ്ങൾക്ക് വേണ്ട. മതേതര നിലപാടാണ് എന്നും എൽ.ഡി.എഫ് സ്വീകരിച്ചത്. 2016 മുതൽ ഒമ്പത് വർഷം നല്ല നിലയിൽ കേരളത്തെ മുന്നോട്ടുകൊണ്ടുപോകാൻ എൽ.ഡി.എഫിന് സാധിച്ചു. പാവപ്പെട്ട ജനവിഭാഗത്തിന്‍റെ കൂടെ നിൽക്കാൻ കഴിഞ്ഞു. ഒമ്പത് വർഷം മുമ്പുള്ള അവസ്ഥയല്ല ഇപ്പോൾ കേരളത്തിലുള്ളത്. വികസനപരമായി ഏറെ മുന്നോട്ടുപോവാൻ സാധിച്ചു.
ജനങ്ങൾക്കൊപ്പം നിന്ന് നല്ല നിലയിൽ പ്രവർത്തിച്ചതിനാലാണ് 2021 ൽ അവർ തുടർഭരണം സമ്മാനിച്ചത്. ക്ഷേമപെൻഷനുകൾ വർധിപ്പിക്കുകയല്ല യു.ഡി.എഫ് ചെയ്തത്. കുടിശിക വരുത്തുക മാത്രമല്ല, പെൻഷൻ കൈക്കൂലിയാണെന്ന് പറഞ്ഞ് ഇല്ലാതാക്കാനുള്ള ശ്രമവും നടത്തുന്നു. പാവങ്ങൾക്ക് എതിരെയുള്ള കോൺഗ്രസ് അഖിലേന്ത‍്യ നേതൃത്വത്തിന്‍റെ മുഖമാണ് അതിലൂടെ കണ്ടത്.
മുണ്ടക്കൈ ഉൾപ്പടെയുള്ള ദുരന്തസമയങ്ങളിൽ പോലും കേന്ദ്രസർക്കാർ സഹായിച്ചില്ല. ദയനീയ സ്ഥിതി മനസ്സിലാക്കി ചില രാജ‍്യങ്ങൾ കേരളത്തെ സഹായിക്കാൻ മുന്നോട്ട് വന്നെങ്കിലും അതിന് സമ്മതിക്കാതെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടത്തുന്ന പദ്ധതികൾ പൂർത്തിയായിട്ടും കേന്ദ്രവിഹിതം താമസിപ്പിക്കുന്നു.
കേന്ദ്രം കേരളത്തെ തകർക്കാൻ ശ്രമിക്കുമ്പോഴും അതിനെതിരെ യു.ഡി.എഫ് ഒരക്ഷരം പറയുന്നില്ല. മറിച്ച് കേരളത്തെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്. ദുരന്തസമയങ്ങളിൽ നാടും ജനങ്ങളും ഒരുമയോടെ പ്രവർത്തിച്ചു. ലോകവും രാജ‍്യവും കേരളത്തിന്‍റെ അതിജീവനം അത്ഭുതതോടെയാണ് നോക്കിക്കണ്ടത്. എൽ.ഡി.എഫ് വീണ്ടും ഭരണത്തിൽ വന്നാൽ ക്ഷേമപെൻഷൻ 2500 രൂപയാക്കി ഉയർത്തും. വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ തുടർഭരണം ആവശ‍്യമാണെന്നും മുഖ‍്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.