വടകരയിലെ ഫ്ലാറ്റ്; പ്രതികരണവുമായി ഷാഫി പറമ്പിൽ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ അതിജീവിത നൽകിയ മൊഴിയിൽ പരാമർശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരണവുമായി ഷാഫി പറമ്പിൽ എം.പി.

'വടകരയിൽ എനിക്ക് ഫ്ലാറ്റുണ്ടെന്ന് ആരെങ്കിലും പറഞ്ഞോ..?, പിന്നെന്തിന് ഞാൻ മറുപടി പറയണം. ഇവിടെ നിയമപരമായി എടുക്കുന്ന ഒരു നടപടിക്കും തടസ്സമായി കോൺഗ്രസ് പാർട്ടിയോ അതിന്റെ നേതാക്കളോ ആരും വന്നിട്ടില്ലല്ലോ. അങ്ങനെ ഒരു ആരോപണം വന്നപ്പോൾ തന്നെ പാർട്ടി സസ്പെൻഡ് ചെയ്തു. പരാതി ലഭിച്ചപ്പോൾ പാർട്ടി തന്നെ അത് പൊലീസിന് കൈമാറി. അതിന് ശേഷം പാർട്ടിയിൽ നിന്നും പുറത്താക്കി. ഇപ്പോൾ നിയമപരമായി കാര്യങ്ങൾ മുന്നോട്ട് പോകുമ്പോൾ അതിൽ നീതി നടക്കട്ടെ, തെറ്റ് ചെയ്തെങ്കിൽ മറ്റുള്ള കാര്യങ്ങൾ നിയമം തീരുമാനിക്കട്ടെ. നിയമപരമായ നടപടികൾക്ക് ഷീൽഡുമായി ഞങ്ങളാരും ഇറങ്ങി നിന്നിട്ടില്ല. പാർട്ടി ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല. രാജിയെ സംബന്ധിച്ചും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമെല്ലാം പ്രതികരിച്ച് കഴിഞ്ഞു. അതിന്റെ മേലെ ഒരു അഭിപ്രായം പറയേണ്ടതില്ല.

ഞാനുമായുള്ള സൗഹൃദത്തെ സംബന്ധിച്ചാണെങ്കിൽ, ആ സൗഹൃദം പാർട്ടി നടപടികൾക്ക് ഒരു തടസ്സമായി മാറിയിട്ടില്ല. കോൺഗ്രസ് ഒരു പാർട്ടി എന്ന നിലയിൽ മറ്റാരും സ്വീകരിക്കാത്ത രീതിയിൽ ക്ലാരിറ്റിയുള്ള നടപടി ഇക്കാര്യത്തിൽ സ്വീകരിച്ചുവെന്ന് നിങ്ങൾക്കെല്ലാം ബോധ്യമുണ്ട്. അതുകൊണ്ട് നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. ഇത്തരം കാര്യങ്ങളിൽ ഞങ്ങളെ ഉപദേശിക്കുന്ന ആളുകൾ മനസിലാക്കേണ്ടത്, ഗുരുതരമായ കുറ്റകൃത്യത്തിൽപെട്ടയാളുകൾ ജയിലിലും പാർട്ടിയിലും തുടരുന്നുണ്ട്. ശബരിമല കേസുമായി ബന്ധപ്പെട്ട് ഒരാൾ ജയിലിലും പാർട്ടിയിലും തുടരുന്നു. മറ്റാരോപണങ്ങളുമായി ബന്ധപ്പെട്ട ആളുകൾ നിയമസഭയിലും പാർട്ടിയിലും തുടരുകയാണ്. ഒരു നടപടിയും അവരാരും സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് അവരുടെ ഉപദേശം ഇത്തരം കാര്യങ്ങളിൽ വേണ്ട.'-ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. 

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ നാളെ​ തിരുവല്ല കോടതിയിൽ ഹാജരാക്കും

തിരുവല്ല: ലൈംഗികപീഡന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ ചൊവ്വാഴ്ച തിരുവല്ല കോടതിയിൽ ഹാജരാക്കും. തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപാണ്​ ഉത്തരവിട്ടത്. പ്രതിഭാഗം നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ജാമ്യാപേക്ഷയില്‍ വിധിപറയും. കേസ് അന്വേഷിക്കുന്ന സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രാഹുലിന്‍റെ കസ്റ്റഡി ആവശ്യപ്പെട്ട് ചൊവ്വാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. ഏഴുദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് സൂചന.

ശനിയാഴ്ച രാത്രി പാലക്കാട്ടുനിന്ന്​ അറസ്റ്റ് ചെയ്ത രാഹുലിനെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലയുണ്ടായിരുന്ന പത്തനംതിട്ട കോടതിയിലാണ് ഞായറാഴ്ച ഹാജരാക്കിയിരുന്നത്. തുടര്‍ന്ന് മാവേലിക്കര സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. പ്രതിഭാഗം സമര്‍പ്പിച്ച ജാമ്യഹരജിയും മറ്റ് വിവരങ്ങളും പത്തനംതിട്ടയിൽനിന്നും തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലേക്ക് പ്രത്യേക ദൂതന്‍വഴി തിങ്കളാഴ്ച എത്തിച്ചു. ഉച്ചകഴിഞ്ഞാണ് കേസ് പരിഗണിച്ചത്. കോട്ടയം സ്വദേശിയായ കാനഡയില്‍ ജോലിചെയ്യുന്ന 31കാരിയാണ് പരാതിക്കാരി.

2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചതായാണ് യുവതിയുടെ മൊഴി. തുടര്‍ന്ന് ഗര്‍ഭിണിയാവുകയും ഗര്‍ഭം സ്വയം അലസിപ്പോവുകയും ചെയ്തതായി സൂം വിഡിയോ കാളില്‍ എസ്‌.ഐ.ടിക്ക്​ നല്‍കിയ മൊഴിയിലുണ്ട്. പരസ്പര സമ്മതപ്രകാരമാണ് ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ജാമ്യഹരജിയില്‍ പ്രതിഭാഗം പറയുന്നത്.

Tags:    
News Summary - Flat in Vadakara; shafi parambil responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.