കോഴിക്കോട്: കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ തുടർന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. കാന്തപുരത്തെയും അദ്ദേഹം നേതൃത്വം നൽകിയ കേരളയാത്രയേയും പ്രകീർത്തിച്ച് മന്ത്രി പി.രാജീവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് ശശികലയുടെ അധിക്ഷേപം.
'സഖാവേ മൊയ്ല്യാര് മനുഷ്യർക്കൊപ്പം തന്നെയാ.. പക്ഷേ മനുഷ്യക്കടത്തു കൂടി ഉണ്ടെയെന്ന് അന്വേഷിക്കണേ'- എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി എന്ന വാർത്തയുടെ പോസ്റ്ററും കൂടെ പങ്കുവെച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെയാണ് 23 കുട്ടികളുമായി രണ്ടുപേർ പാലക്കാട് ഒലവക്കോട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. കുട്ടികളുടെ രേഖകൾ ഇല്ലെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരെ വിളിച്ചുവരുത്തി കൈമാറി. ബിഹാറിലെ കിഷൻഗഞ്ച് സ്വദേശികളായ 10നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾ കോഴിക്കോട്ടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ രണ്ടുമാസത്തെ കോഴ്സിനായാണ് എത്തിയെതെന്ന് ഒപ്പമുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞിരുന്നു. ഈ വാർത്ത ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിന് മനുഷ്യക്കടത്ത് ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ശശികല ആവശ്യപ്പെടുന്നത്.
മന്ത്രി പി.രാജീവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
'മനുഷ്യർക്കൊപ്പം' എന്ന വിശാലവും കാലിക പ്രസക്തവുമായ മുദ്രാവാക്യം ഉയർത്തി കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്രയുടെ എറണാകുളം ജില്ലയിലെ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുക മാത്രമല്ല നിർമ്മിത ബുദ്ധിയുടെ കാലത്ത് മനുഷ്യന്റെ സവിശേഷതയും. ഈ യാത്ര ചർച്ച ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്. വർഗ്ഗീയ ലഹളകളൊന്നുമില്ലാത്ത പത്തുവർഷമാണ് കേരളം പിന്നിടുന്നത്. ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ പദവിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിർവരമ്പുകൾക്കതീതമായി മനുഷ്യരെ ചേർത്തുപിടിക്കുന്ന ഇന്നത്തെ കേരളത്തിന്റെ വികാരം തന്നെയാണ് ഈ യാത്രയിലും പ്രതിഫലിക്കുന്നത്.'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.