തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി നടത്തിയ ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിന്റെ പ്രാഥമികതല മത്സരത്തിലെ ചോദ്യങ്ങളേറെയും സർക്കാർ പദ്ധതികളുടെ പി.ആർ വർക്ക് ലക്ഷ്യമിട്ടുള്ളത്. സാമൂഹിക സുരക്ഷ പെൻഷൻ ഉയർത്തൽ, വയനാട് ഉരുൾദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ് പദ്ധതി, അതിദാരിദ്ര്യമുക്ത പ്രഖ്യാപനം, ലൈഫ് മിഷൻ, ദേശീയപാത വികസനം, കെ-ഫോൺ പദ്ധതികളെ ചുറ്റിപ്പറ്റിയാണ് ചോദ്യങ്ങളേറെയും. മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരമായി വരുന്ന ചോദ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുവിജ്ഞാനവും ബുദ്ധിശക്തിയും അളക്കാൻ ലക്ഷ്യമിട്ട് നടത്തേണ്ട ക്വിസ് മത്സരം സർക്കാർ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്തെത്തി.
‘ഇന്ത്യയില്‍ ആദ്യമായി അതിദാരിദ്ര്യമുക്തമായ സംസ്ഥാനം കേരളമാണ്. 2025 നവംബര്‍ ഒന്നിന് ഈ പ്രഖ്യാപനം നടത്തിയതാര്’ എന്ന ചോദ്യത്തിന് ഉത്തരം മുഖ്യമന്ത്രി പിണറായി വിജയൻ എന്നാണ്. ‘2025 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം സാമൂഹിക സുരക്ഷ പെൻഷൻ വീണ്ടും വർധിപ്പിക്കുകയുണ്ടായി. നിലവിൽ അർഹരായ വ്യക്തികള്‍ക്ക് പ്രതിമാസം ലഭിക്കുന്ന സാമൂഹിക സുരക്ഷ പെൻഷൻ എത്ര രൂപയാണ്’ എന്നതാണ് സ്കൂൾതല മത്സരത്തിലെ മറ്റൊരു ചോദ്യം. വയനാട് ഉരുൾ ദുരന്ത ബാധിതർക്ക് വേണ്ടി സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ലോകോത്തര മാതൃകയിൽ പുനരധിവാസ ടൗൺഷിപ് അതിവേഗം പൂർത്തിയാകുന്നത് ഏത് എസ്റ്റേറ്റിലാണെന്നും ചോദ്യമുണ്ട്. ഡിജിറ്റൽ വിടവ് നികത്താനായി മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കിയ പദ്ധതി ഏതെന്ന ചോദ്യത്തിന്റെ ഉത്തരം കെ-ഫോൺ എന്നാണ്.
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് സർക്കാർ പദ്ധതികളുടെ പ്രചാരണം ലക്ഷ്യമിട്ട് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചത്. രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുള്ള ഇത്തരം പരിപാടികൾ അടിയന്തരമായി പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ പ്രചാരണ വേദിയാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
പൊതുവിദ്യാഭ്യാസത്തെ സര്‍ക്കാർ പരസ്യങ്ങള്‍ക്കുള്ള വേദിയാക്കി മാറ്റി രാഷ്ട്രീയവത്കരിക്കുന്ന നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എ.എച്ച്.എസ്.ടി.എ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.