തിരുവനന്തപുരം: ജോലിക്ക് വരേണ്ടാത്ത അവധി ദിവസങ്ങളിലും സ്പാർക്കിൽ ഓൺ ഡ്യൂട്ടി (ഒ.ഡി) അപേക്ഷ സമർപ്പിക്കാൻ കോളജ് അധ്യാപകർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ വിചിത്ര നിർദേശം. കോളജ് അധ്യാപകർക്ക് സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ നിർദേശം. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.
പദ്ധതിക്കായി ഉപയോഗിക്കുന്നത് കോളജ് വിദ്യാഭ്യാസ വകുപ്പിലെ അനധ്യാപക ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ്ങിനായി തയാറാക്കിയ സോഫ്റ്റ്വെയറാണ്. കോളജ് അധ്യാപകർക്ക് ശനിയാഴ്ച അവധിയായതിനാൽ അനധ്യാപകർക്ക് തയാറാക്കിയ സോഫ്റ്റ്വെയർ ഉപയോഗിക്കുമ്പോൾ അവധിയായിട്ടായിരിക്കും രേഖപ്പെടുത്തുക. ഇത് മറികടക്കാൻ അധ്യാപക ജീവനക്കാർ ഉൾപ്പെടെയുള്ള വെക്കേഷൻ സ്റ്റാഫ് ശനിയാഴ്ചയും വേനൽ, ഓണം, ക്രിസ്മസ് കാലങ്ങളിലുമെല്ലാം സ്പാർക്കിൽ ഓൺ ഡ്യൂട്ടി (ഒ.ഡി) എന്ന അപേക്ഷ സമർപ്പിക്കാനാണ് നിർദേശം.
ജോലിയില്ലാത്ത ദിവസം ഓൺ ഡ്യൂട്ടി എന്ന് അപേക്ഷിച്ച് കൃത്രിമം നടത്താൻ ഡയറക്ടർ തന്നെ നിർദേശം പുറപ്പെടുവിക്കുന്നത് വിചിത്രമാണെന്നാണ് അധ്യാപക സംഘടനകൾ പറയുന്നത്. ശനിയാഴ്ചയും വെക്കേഷനിലും അവധി വരുന്ന അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ്ങിന് പ്രത്യേക സോഫ്റ്റ്വെയർ തയാറാക്കാത്തതാണ് പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.