കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് അന്നുമുതൽ ആശുപത്രിക്കിടക്കയിലാണെന്ന് ഹൈകോടതി. മകൻ എസ്.പി ആയതുകൊണ്ടാണോ ഇങ്ങനെയെന്ന് ചോദിച്ച കോടതി, അൽപം മാന്യത കാണിക്കണമായിരുന്നുവെന്നും പരിഹസിച്ചു. എന്തെല്ലാം അസംബന്ധമാണ് നാട്ടിൽ നടക്കുന്നതെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.
പ്രതികളായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ഗോവർധൻ, ബി. മുരാരി ബാബു എന്നിവരുടെ ജാമ്യഹരജികൾ പരിഗണിക്കവേയാണ് വാക്കാലുള്ള പരാമർശമുണ്ടായത്. ജാമ്യഹരജികളിൽ വാദം പൂർത്തിയാക്കിയ കോടതി, തുടർന്ന് വിധി പറയാൻ മാറ്റി.
52 ദിവസമായി ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പത്മകുമാറിന്റെ ആവശ്യം. അറസ്റ്റ് ഭയന്ന് ആശുപത്രിയിൽ കിടക്കുന്നതുപോലുള്ള നടപടികൾ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
പിത്തള എന്ന് എഴുതിയത് വെട്ടി ചെമ്പുപാളിയെന്ന് ഉത്തരവിൽ എഴുതിയത് അബദ്ധം പറ്റിയതാകാം. ബോധപൂർവം ചെയ്തതല്ല. ദേവസ്വം യോഗത്തിന്റെ കുറിപ്പിൽ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയതാണ് അന്വേഷണസംഘം വലിയ തെറ്റായി കാണുന്നതെന്നും പത്മകുമാറിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഗുരുതര അപരാധമല്ലേയെന്ന് കോടതി തിരിച്ചുചോദിച്ചു. ക്ഷേത്രസ്വത്ത് സംരക്ഷിക്കാൻ പ്രത്യേക നിയമം നിർമിക്കണമെന്നും കേസ് പരിഗണിക്കവേ കോടതി പറഞ്ഞു. ശ്രീകോവിലിന്റെ വാതിലടക്കം പണിത് നൽകിയതിലൂടെ 1.40 കോടി രൂപ ചെലവഴിച്ച താനിപ്പോൾ 25 ദിവസമായി ജയിലിലാണെന്നായിരുന്നു സ്വർണവ്യാപാരിയായ കർണാടക സ്വദേശി ഗോവർധന്റെ വാദം.
യു.ബി ഗ്രൂപ്പ് പണിത് നൽകിയ വാതിലിന് വിടവുള്ളതിനാൽ ഇഴജന്തുക്കൾ കയറുമായിരുന്നു. അതിനാലാണ് വാതിൽ മാറ്റിയത്. 35 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. വാതിൽപാളിയിൽനിന്ന് ഉരുക്കിനീക്കിയ സ്വർണത്തിന്റെ വിലയായി 14 ലക്ഷം രൂപ നേരത്തേ നൽകി. കേസ് വന്നപ്പോൾ സ്വർണവും തിരികെ നൽകി. എന്നിട്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. നിങ്ങൾ അത്ര സമ്പന്നനാണോ എന്ന കോടതിയുടെ ചോദ്യത്തിന്, അതെയെന്നായിരുന്നു ഗോവർധന്റെ മറുപടി.
ഉണ്ണികൃഷ്ണൻ പോറ്റി യഥാർഥ സ്പോൺസറല്ലെന്ന് വാദത്തിനിടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ചെറിയ ഇരയിട്ട് വലിയ മീൻ പിടിക്കുന്നതു പോലെയാണിതെന്ന് കോടതി പറഞ്ഞു. പിടിക്കപ്പെടരുതെന്ന് ആഗ്രഹമുള്ളവർ ബുദ്ധിപൂർവമാണ് കുറ്റം ചെയ്യുക. എല്ലാ അറ്റകുറ്റപ്പണികളും ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപിച്ചതെന്തിനെന്നും പിന്നെന്താണ് ബോർഡിന്റെ ജോലിയെന്നും കോടതി ആരാഞ്ഞു. ബോർഡ് ഇല്ലാതിരിക്കുന്നതായിരുന്നു ഇതിലും ഭേദം.
അയ്യപ്പനിൽ ഭക്തിയുള്ള ആരെങ്കിലുമായിരുന്നെങ്കിൽ ഇത്രയും വലിയ നഷ്ടം സംഭവിക്കില്ലായിരുന്നുവെന്നും നിരീക്ഷിച്ചു. എല്ലാ പ്രതികളുടെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയാക്കിയ കോടതി ഹരജികൾ വിധി പറയാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.