'നിങ്ങൾ കാണുന്ന സ്വപ്നമൊന്നും കേരള മണ്ണിൽ യാഥാർഥ്യമാകില്ല'; അമിത്ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മോദി സർക്കാർ കേരളത്തിന്​ വലിയ തോതിൽ വിഹിതം നൽകിയെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ഷായുടെ പ്രസ്താവനക്ക്​ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ധനകാര്യ കമീഷനുകൾ വഴിയുള്ള വിഹിത വിതരണം ആരുടെയും ഔദാര്യമല്ലെന്നും ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ വിദൂര ഭാവിയെക്കുറിച്ചുള്ള സ്വപ്നം അദ്ദേഹം കാണുന്നതായി കേട്ടിരുന്നു. കേരളത്തെ ശ്വാസംമുട്ടിച്ച് നശിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറാനാണ് അദ്ദേഹവും കേന്ദ്ര സർക്കാരും തയാറാകേണ്ടത്. അദ്ദേഹം കാണുന്ന സ്വപ്നമൊന്നും കേരള മണ്ണിൽ യാഥാർഥ്യമാകില്ല. സ്വപ്ന ലോകത്തുനിന്ന് ഇറങ്ങിവന്ന് ഈ തെറ്റായ നീക്കങ്ങൾ അവസാനിപ്പിക്കാൻ തയാറാകണം. ധനകാര്യ കമീഷന്‍റെ പരിഗണന വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി, കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട തുക നിഷേധിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്​.

15 ാം ധനകാര്യ കമീഷനെ നിയമിച്ചപ്പോൾ കേന്ദ്ര സർക്കാർ ഇറക്കിയ പരിഗണന വിഷയങ്ങളിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയത്​, റവന്യൂ കമ്മി നേരിടുന്ന സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക ഗ്രാൻറ് നൽകേണ്ടതില്ലെന്നാണ്. ഒടുവിൽ സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പിന് വഴങ്ങേണ്ടി വരികയായിരുന്നു. അങ്ങനെയാണ് ഈ കാലയളവിൽ റവന്യൂ കമ്മി ഗ്രാൻറ് കേരളത്തിന് കിട്ടിയത്. അത് ആരും ഔദാര്യമായി തന്നതല്ല. സംസ്ഥാനങ്ങൾക്ക് 42 ശതമാനം കേന്ദ്ര നികുതി വിഹിതം നൽകണമെന്നാണ് വൈ.വി. റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ധനകാര്യ കമീഷൻ ശിപാർശ ചെയ്തത്. ഇത് 33 ശതമാനമായി വെട്ടിക്കുറക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.

ഇത് ഇടതുപക്ഷമോ മറ്റോ ഉന്നയിച്ച ആരോപണമല്ല. പ്രധാനമന്ത്രിയുടെ ഓഫിസിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന, ഇന്ന് നീതി ആയോഗ് സി.ഇ.ഒ ആയി തുടരുന്ന ബി.വി.ആർ. സുബ്രഹ്മണ്യം വെളിപ്പെടുത്തിയതാണ്. അത് നരേന്ദ്ര മോദി ഇതുവരെ നിഷേധിച്ചിട്ടുമില്ല. കണക്കുകൾ പറഞ്ഞു സംസാരിക്കുമ്പോൾ അമിത് ഷാ ഈ കാര്യങ്ങളിൽ കൂടി വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Chief Minister responds to Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.