എസ്.സി-എസ്.ടി വിഭാഗം കേരളത്തിൽ കടുത്ത അവഗണ നേരിടുന്നുവെന്ന് യു.ഡി.എഫ് കുറ്റപത്രം

തിരുവനന്തപുരം: പട്ടികജാതി- വർഗ വിഭാഗം കേരളത്തിൽ കടുത്ത അവഗണ നേരിടുകയാണെന്ന് യു.ഡി.എഫ് കുറ്റപത്രം. 28000 എസ്.സി.കുടുംബങ്ങൾക്ക് മൂന്ന് വർഷമായി അർഹമായ ആനുകൂല്യങ്ങൾ സർക്കാർ നിഷേധിച്ചിരിക്കുകയാണ്. പദ്ധതി അടങ്കലിൽ കാര്യമായ വർധനവ് ഇല്ലാത്തത് കാരണം എസ്.സി.പി. ടി.എസ്.പി. ഫണ്ട് വഴിയുള്ള പദ്ധതികളും നിലച്ചു.

അതിനാൽ എസ്.സി-എസ്.ടി. സമൂഹം കേരളത്തിൽ കടുത്ത അവഗണ നേരിടുന്നു. എസ്.സി- എസ്.ടി. സമൂഹത്തിലെ ഭാവനരഹിതർക്കായുള്ള ഭവന നിർമാണം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ശേഷം മന്ദഗതിയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, യാത്ര സൗകര്യം അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ കടുത്ത അവഗണനയാണ് എസ്.സി-എസ്.ടി. ആദിവാസി സമൂഹത്തോട് കാട്ടുന്നതെന്നും കുറ്റപത്രം പറയുന്നു.

സർക്കാരിന്റെ നിലപാട് മൂലം അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ ശിശുമരണങ്ങൾ ക്രമാതീതമായി വർധിച്ചു. കോട്ടത്തറയിലെ ആശുപത്രിയിൽ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.

ആദിവാസി സമൂഹത്തിനെതിരെ ആൾക്കൂട്ട കൊലപാതകം അടക്കം നടക്കുന്നു. അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവും, വയനാട്ടിലെ വിശ്വനാഥന്റെ മരണവും ഇതിന് ഉദാഹരണങ്ങളാണ്. മോഷണക്കുറ്റം ആരോപിച്ചാണ് 2018 ഫെബ്രുവരി 22ന് മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. അട്ടപ്പടിയിൽ മധു കൊല്ലപ്പെട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പിലാക്കാൻ മധുവിന്റെ അമ്മ നിയമ പോരാട്ടം നടത്തുകയാണ്.

സർക്കാർ ബജറ്റുകളിൽ എസ്.സി.-എസ്.ടി. വിഭാഗങ്ങളാക്കായി അനുവദിച്ച തുക അവരിൽ എത്തുന്നില്ല. പട്ടികജാതി-വർഗ വിഭാഗക്കാരുടെ വിവിധ ആനുകൂല്യങ്ങൾ ഉദ്യോഗസ്ഥർ അടക്കം തട്ടിയെടുക്കുന്ന നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയിട്ടുള്ളതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. കേരളീയം പരിപാടിയിൽ സർക്കാർ ആദിവാസി സമൂഹത്തെ കാഴ്ചവസ്തുക്കളാക്കി മാറ്റിയത് ഈ സർക്കാരിന് ഈ വിഭാഗത്തോടുള്ള അവഗണനയുടെ ഉത്തമോദാഹരണമാണ്. ഈ നടപടി കൃത്യമായ വംശീയ കുറ്റമാണെന്നും കുറ്റപത്രം പറയുന്നു. 

Tags:    
News Summary - UDF indictment that SC-ST category is facing severe neglect in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.