തിരുവനന്തപുരം: ബജറ്റിലെ ജനദ്രോഹ നികുതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനും കലക്ടറേറ്റുകൾക്കും മുന്നിൽ യു.ഡി.എഫ് സംഘടിപ്പിച്ച രാപകല്‍ സമരം അവസാനിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലിന് തുടങ്ങിയ സമരം ചൊവ്വാഴ്ച രാവിലെ 10നാണ് അവസാനിച്ചത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിന്റെ സമാപനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രനും കോഴിക്കോട് പി.കെ. കുഞ്ഞാലിക്കുട്ടിയും കോട്ടയത്ത് മോന്‍സ് ജോസഫും ആലപ്പുഴയില്‍ ഡി.സി.സി പ്രസിഡന്റ് ബാബുപ്രസാദും പാലക്കാട് വി.കെ. ശ്രീകണ്ഠന്‍ എം.പിയും മലപ്പുറത്ത് കെ.പി.എ. മജീദും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫിന്റെ മുഴുവന്‍ നേതാക്കളും വിവിധ ജില്ലകളിൽ സമരത്തില്‍ പങ്കെടുത്തു. വയനാട്, കണ്ണൂർ ജില്ലകളിൽ പിന്നീടായിരിക്കും സമരം.
ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ പഞ്ചായത്തുതലത്തില്‍ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു. യു.ഡി.എഫ് ആരംഭിച്ച പ്രതിഷേധം ഘടകകക്ഷികളും യുവജന, വിദ്യാർഥി, തൊഴിലാളി സംഘടനകളും ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് സമരത്തെ പേടിയാണെങ്കിൽ വീട്ടിലിരിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് റോഡിലേക്കിറങ്ങാന്‍ ജനങ്ങളെ ബന്ദിയാക്കാന്‍ ഇത് വെള്ളരിക്കാപ്പട്ടണമാണോ. കേരളത്തിൽ ഇത് വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന യു.ഡി.എഫിന്‍റെ രാപ്പകൽ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സത്യഗ്രഹ സമരം ചെയ്യാന്‍ മാത്രമേ പ്രതിപക്ഷത്തിന് അറിയൂവെന്നാണ് മുഖ്യമന്ത്രി പരിഹസിച്ചത്. അങ്ങനെ പരിഹസിച്ച മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഭയന്ന് 40 സുരക്ഷാവാഹനങ്ങളുടെ അകമ്പടിയിലാണ് യാത്ര ചെയ്യുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കല്ലെറിഞ്ഞവരാണ് സി.പി.എമ്മുകാര്‍. അതുപോലെ പിണറായിയെ കല്ലെറിയില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും എന്തിനാണ് ഭയപ്പെടുന്നത്. കുറെക്കാലം കറുപ്പിനോടായിരുന്നു മുഖ്യമന്ത്രിക്ക് ദേഷ്യം.
ഇപ്പോള്‍ വെളുപ്പിനോടായി ഭയം. ഖദറിട്ട ആരെയെങ്കിലും വഴിയില്‍ കണ്ടാല്‍ കരുതല്‍ തടങ്കലിലാക്കും. രാജാവിനെക്കാള്‍ വലിയ രാജഭക്തി പൊലീസുകാര്‍ കാട്ടരുത്. എല്ലാക്കാലവും പിണറായി വിജയനായിരിക്കില്ല മുഖ്യമന്ത്രി. ഞങ്ങളുടെ സഹോദരിമാരുടെ ദേഹത്ത് ഇനി ഏതെങ്കിലും പുരുഷ പൊലീസുകാര്‍ കൈവെച്ചാല്‍ സമരരീതി മാറുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
നികുതി പിരിക്കുന്നതിലെ പരാജയം മറച്ചുവെക്കാനാണ് കേന്ദ്രസഹായം കുറഞ്ഞെന്നും പെന്‍ഷന്‍ നല്‍കണമെന്നുമുള്ള ന്യായീകരണങ്ങള്‍ പറയുന്നത്. ആദ്യമായി പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാറല്ല പിണറായിയുടേത്. നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാലും കണക്ക് സമര്‍പ്പിക്കാത്തതിനാലും ജി.എസ്.ടി പൂളില്‍ നിന്ന് അഞ്ചുവര്‍ഷം കൊണ്ട് 25,000 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമായത്.
ഈ നഷ്ടം നികത്താനാണ് 4000 കോടിയുടെ അധിക നികുതി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ചത്. സര്‍ക്കാറിന്റെ മുഖംമൂടി ജനങ്ങള്‍ക്കുമുന്നില്‍ വലിച്ചുകീറുന്ന സമരങ്ങളുമായി യു.ഡി.എഫ് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് ജില്ല ചെയർമാൻ പി.കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എം.എം. ഹസൻ, പാലോട് രവി, ബീമാപള്ളി റഷീദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.