ബെമൽ സമരം രണ്ടുവർഷം പിന്നിട്ടു;

പാലക്കാട്‌: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ (ബെമൽ) വിൽക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജീവനക്കാർ ആരംഭിച്ച സമരം രണ്ടുവർഷം പിന്നിട്ടു. 2021 ജനുവരി ആറിനാണ്‌ ബെമൽ എംപ്ലോയീസ്‌ അസോസിയേഷൻ നേതൃത്വത്തിൽ കഞ്ചിക്കോട്‌ ഫാക്ടറിക്ക്‌ മുന്നിലും രാജ്യത്തെ മറ്റു മൂന്ന്‌ പ്രൊഡക്ഷൻ യൂനിറ്റുകൾക്ക്‌ മുന്നിലും സമരം തുടങ്ങിയത്‌.

50,000 കോടി ആസ്തിയുള്ള സ്ഥാപനം 1800 കോടി രൂപക്ക്‌ വിൽക്കാനാണ്‌ കേന്ദ്ര സർക്കാർ ടെണ്ടർ ഉറപ്പിച്ചിരിക്കുന്നത്‌. ഇതിനെതിരെ മുഴുവൻ ജീവനക്കാരും സമരരംഗത്താണെന്ന് സമര സമിതി അറിയിച്ചു. വിൽപനക്കെതിരെ ഒരു ദിവസത്തെ ഇടവേള പോലുമില്ലാതെയാണ്‌ സമരം.

സ്ഥാപനം വിൽക്കരുതെന്നാവശ്യപ്പെട്ട്‌ രാഷ്ട്രപതിക്ക്‌ ഒരുലക്ഷം ദയാഹർജി അയക്കുന്ന കാമ്പയിനും സംഘടിപ്പിച്ചിരുന്നു. രണ്ടാം വാർഷികത്തിന്റ ഭാഗമായി ഈ മാസം അവസാനം കഞ്ചിക്കോട് കമ്പനി പടിക്കൽ സമരത്തിന്റെ നാൾവഴികൾ വ്യക്തമാക്കുന്ന പ്രദർശനവും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന്‌ ബെമൽ എംപ്ലോയീസ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്‌. ഗിരീഷ്‌ പറഞ്ഞു.

അതേസമയം, ജീവനക്കാരുടെ എതിർപ്പ് വകവെക്കാതെ ബെമൽ വിൽക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ബെമൽ വിൽക്കാനുള്ള താൽപര്യം കേന്ദ്രം ആവർത്തിച്ചിരുന്നു. ഓഹരി വിൽക്കാൻ വെച്ച കമ്പനികളുടെ പട്ടികയിൽ ബെമലിനെയും കേന്ദ്രം ഉൾപ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - Two years passed since the Bemal strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.