തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് തടവുചാടിയ യുവതികളെ പൊലീസ് പിടികൂടി. വർക്കല തച്ചോട് സജിവി ലാസത്തിൽ സന്ധ്യ (26), പാങ്ങോട് വെള്ളയം പുത്തൻവീട്ടിൽ ശിൽപമോൾ (23) എന്നിവരെ വ്യാഴാഴ്ച രാത്രി 11.30ഓടെ പാലോട് അടപ്പു പാറ ഭാഗത്തുനിന്നാണ് പിടികൂടിയത്. ഇരുവരെയും പുലർച്ചയോടെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വനിതാ ജയിലിലെ മുരിങ്ങമരത്തിലൂടെ പുറത്ത് ചാടി ഇരുവരും രക്ഷപ്പെട്ടത്. തുടർന്ന് മെഡിക്കൽ കോളജ് ഭാഗത്തെത്തിയ ഇരുവരും ഭിക്ഷയാചിച്ച് കിട്ടിയ പണവുമായി വർക്കലയിലേക്ക് പോകുകയായിരുന്നു. അവിടെനിന്ന് ബസിൽ അയിരൂരിലും തുടർന്ന് പരവൂരിലും എത്തി. പൊലീസ് പിന്തുടരുന്നെന്ന് മനസ്സിലാക്കി പാങ്ങോടുള്ള ശിൽപയുടെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടയിലാണ് ഫോർട്ട് എ.സി പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇരുവരെയും പിടികൂടിയത്. കഴിഞ്ഞദിവസം പ്രതികളുടെ ബന്ധുക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ഇവർ വീടുകളിലേക്ക് സഹായത്തിനായി എത്തുമെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. പാരിപ്പള്ളിയിൽ െവച്ച് ശിൽപ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്യു. ഇതാണ് പൊലീസിന് പിടിവള്ളിയായത്.
അതേസമയം, തടവുപുള്ളികൾ രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ ജീവനക്കാർക്കെതിരെയുള്ള നടപടി വരുംദിവസങ്ങളിൽ തീരുമാനിക്കും. പ്രാഥമികാന്വേഷണത്തിൽതന്നെ ജീവനക്കാരുടെ അനാസ്ഥ വ്യക്തമായിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. രണ്ടു തടവുപുള്ളികൾ ജയിൽചാടിയിട്ടും അത് ഉറപ്പിക്കാൻ ജീവനക്കാർക്ക് മണിക്കൂറുകൾ വേണ്ടിവന്നതുതന്നെ നിരുത്തരവാദിത്തത്തിന് തെളിവാണെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.