കുരങ്ങിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ ജോർജിനെ
സഹപ്രവർത്തകർ ശുശ്രൂഷിക്കുന്നു
കുമളി: തേക്കടി കാണാനാനെത്തിയ രണ്ട് വിനോദ സഞ്ചാരികൾക്ക് കുരങ്ങിന്‍റെ ആക്രമണത്തിൽ പരിക്കേറ്റു. ആലപ്പുഴ സ്വദേശി കെ.വി. ജോർജ് (65), തമിഴ്നാട് മധുര സ്വദേശിനി കൃഷ്ണചന്ദ്രി (31) എന്നിവർക്കാണ് പരിക്ക്. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാനോ ചികിത്സ നൽകാനോ വനപാലകർ തയാറായില്ലെന്ന് ആരോപിച്ച് സഞ്ചാരികൾ രോഷാകുലരായാണ് മടങ്ങിയത്.
ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. തേക്കടി തടാകത്തിൽ ബോട്ട് സവാരിക്കായി ടിക്കറ്റ് എടുത്ത് കാത്തിരുന്ന സഞ്ചാരികളെയാണ് കുരങ്ങ് ആക്രമിച്ചത്. കൃഷ്ണചന്ദ്രിയുടെ കൈക്ക് കടിയേറ്റപ്പോൾ തടയാൻ ശ്രമിച്ച ജോർജിനെയും കുരങ്ങ് ആക്രമിക്കുകയായിരുന്നു. ഭർത്താവിനും രണ്ട് മക്കൾക്കും ഒപ്പം തേക്കടി കാണാനെത്തിയതായിരുന്നു കൃഷ്ണചന്ദ്രി.
ഇവർക്ക് കുരങ്ങിന്‍റെ കടിയേറ്റ വിവരം നാട്ടുകാർ പറഞ്ഞാണ് സമീപത്തുണ്ടായിരുന്ന വനപാലകർ അറിയുന്നത്. ജോർജുമായി ഒപ്പമുണ്ടായിരുന്നവർ വനപാലകരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസും എത്തിയില്ല. ഒടുവിൽ ബോട്ട് സവാരി ഉപേക്ഷിച്ച് കൃഷ്ണചന്ദ്രിയും കുടുംബവും ട്രിപ് ബസിൽ മടങ്ങുകയായിരുന്നു.
രണ്ടു പേർക്ക് കുരങ്ങിന്‍റെ ആക്രമണത്തിൽ പരിക്കേറ്റിട്ടും ഇക്കാര്യം ഏറെ ലാഘവബുദ്ധിയോടെയാണ് വനപാലകർ കൈകാര്യം ചെയ്തതെന്ന് സഞ്ചാരികൾ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസോ വനം വകുപ്പിന്‍റെ വാഹനമോ ഉപയോഗിക്കാതെ ബോട്ട്ലാൻഡിങ്ങിൽനിന്ന് പറഞ്ഞു വിടുകയായിരുന്നത്രേ. കു
രങ്ങിന്‍റെ ആക്രമണം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവരും അലംഭാവം കാണിച്ചതായി ദൃക്സാക്ഷികളായ നാട്ടുകാരും പറയുന്നു. കുരങ്ങിന്‍റെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരെ സാധാരണ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് പ്രതിരോധ വാക്സിൻ നൽകിയാണ് തിരിച്ചയക്കാറ്. എന്നാൽ, ഞായറാഴ്ച ഇതൊന്നുംഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.