എസ്.എം.ഇ വിദ്യാർഥിയുടെ ആത്മഹത്യ: രണ്ട്​ അധ്യാപകർക്ക്​ സ്ഥലംമാറ്റം

ഗാന്ധിനഗർ (കോട്ടയം): സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷൻ (എസ്.എം.ഇ) വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട്​ അധ്യാപകർക്ക്​ സ്ഥലംമാറ്റം. അധ്യാപകരുടെ മാനസിക പീഡനമാണ്​ ആത്മഹത്യക്ക്​ കാരണമെന്ന്​ ആരോപിച്ച്​ വിദ്യാർഥികളും രക്ഷിതാക്കളും നടത്തിയ സമരത്തിനൊടുവിലാണ്​ കോളജ്​ അധികൃതരുടെ നടപടി.

ആരോപണങ്ങളില്‍ വിശദ അന്വേഷണം നടത്താനും തീരുമാനിച്ചു. സീന, റീനു എന്നു അധ്യാപകരെയാണ്​ സ്ഥലംമാറ്റിയത്​. കഴിഞ്ഞ മൂന്നിനാണ്​ തിരുവനന്തപുരം കല്ലുംപുറം ചാരുവിള ഷിബുവിന്റെ മകൻ പുത്തൻവീട്ടിൽ അജാസ് ഖാനെ (19) ആർപ്പൂക്കരയിലെ ഹോസ്റ്റലിൽനിന്ന്​ കാണാതായത്​. പിറ്റേദിവസം കുടമാളൂർ പാലത്തിനുസമീപം ആറ്റിൽ മൃതദേഹം ക​ണ്ടെത്തുകയായിരുന്നു. ഒന്നാംവർഷ എം.എൽ.ടി വിദ്യാർഥിയായിരുന്ന അജാസ് ഖാൻ ആത്മഹത്യ ചെയ്തത്​ അധ്യാപകരുടെ മാനസിക സമ്മർദം മൂലമാണെന്നും പരീക്ഷാസമയം കഴിയുന്നതിന്​ അരമണിക്കൂർ മുമ്പേ വിദ്യാർഥിയിൽനിന്ന് ഉത്തരക്കടലാസ് ബലമായി പിടിച്ചുവാങ്ങിയെന്നും സഹപാഠികൾ ആരോപിക്കുന്നു.

മരണശേഷം എസ്.എം.ഇ അധികൃതർ ആരും അജാസ്​ ഖാന്‍റെ വീട്ടുകാരെ ഫോണിൽപോലും ബന്ധപ്പെട്ടില്ലെന്നും പറയുന്നു. സീന, റീനു എന്നീ അധ്യാപകരാണ് കുട്ടികളോട് ഏറെ മോശമായി പെരുമാറുന്നതെന്നും ഇവരെ പുറത്താക്കണമെന്നും ആവശ്യ​പ്പെട്ടാണ്​ വിദ്യാർഥികളും രക്ഷിതാക്കളും എസ്.എം.ഇ പ്രിൻസിപ്പൽ ഓഫിസിന്​ മുന്നിൽ കുത്തിയിരിപ്പ്​ സമരം നടത്തിയത്​. സപ്ലിമെന്‍ററി പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഹാജർ നൽകുന്നില്ല, നിത്യേന ഹാജർ രേഖപ്പെടുത്തുന്നില്ല, ചോദ്യംചെയ്യുന്ന വിദ്യാർഥികളുടെ തുടർന്നുള്ള ദിവസങ്ങളിലെ ഹാജർ നഷ്ടപ്പെടുത്തുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തുന്നു, അകാരണമായി ഇന്‍റേണൽ മാർക്ക്​ കുറക്കുന്നു, കുട്ടികളോട് അസഭ്യം പറയുന്നു, സർവകലാശാല പരീക്ഷകളിൽ കുട്ടികളെ വിലക്കുന്നു, കുട്ടികളുടെ പഠനനിലവാരവും മനോധൈര്യവും ദുർബലപ്പെടുത്തുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ്​ അധ്യാപക​ർക്കെതി​രെ വിദ്യാർഥികളും രക്ഷിതാക്കളും ഉന്നയിക്കുന്നത്​​.

സമരം രക്ഷിതാവ്​ തിരുവനന്തപുരം സ്വദേശിനി പ്രസീല ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളായ ഗീത അജയൻ ഭരണങ്ങാനം, ജയരാജൻ ആലപ്പുഴ, റഫീഖ്​ കരുനാഗപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

KTG SME എസ്.എം.ഇയിൽ വിദ്യാർഥികളെ മാനസിക സർമ്മദത്തിലാക്കുന്ന അധ്യാപകരെ മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട്​ വിദ്യാർഥികളും രക്ഷിതാക്കളും നടത്തിയ കുത്തിയിരിപ്പ് സമരം രക്ഷിതാക്കളിൽ ഒരാളായ തിരുവനന്തപുരം സ്വദേശിനി പ്രസീല ഉദ്ഘാടനം ചെയ്യുന്നു

Tags:    
News Summary - Two teachers in SME transferred related to student suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.